പ്രപഞ്ചത്തിലെ അഞ്ചാമത്തെ ബലം കണ്ടെത്തി ! ?

പ്രപഞ്ചത്തിലെ അഞ്ചാമത്തെ ബലം കണ്ടെത്തി ! ? അപ്പോൾ  ഇതുവരെ പ്രപഞ്ചത്തിൽ  4 ബലങ്ങളെ ഉണ്ടായിരുന്നുള്ളോ ??

അതെ. ഇതുവരെ നമുക്ക് 4 തരം ബലങ്ങളെ അറിയുമായിരുന്നുള്ളൂ.

1) ഗ്രാവിറ്റി :  ഇത് എല്ലാവർക്കും അറിയാമല്ലോ. ആപ്പിൾ താഴെ വീഴുന്നതും നമുക്ക് ഭാരം അനുഭവപ്പെടുന്നതും ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതും നക്ഷത്രങ്ങളെ പിടിച്ചു നിർത്തുന്നതും ഒക്കെ ഗ്രാവിറ്റി മൂലം ആണ്. എന്നാൽ ഗ്രാവിറ്റിയുടെ ബലം വളരെ കുറവാണ്. 2 ആളുകൾ തമ്മിലും പരസ്പ്പരം ഗ്രാവിറ്റി ആകർഷണ  ബലം ഉണ്ട്. പക്ഷെ അത് നമ്മൾ അറിയുകപോലും ഇല്ല. അത്രയ്ക്കും ചെറുതാണ് ആ ബലം.



2) വൈദ്യുത കാന്തിക ബലം ( ഇലക്ട്രോ മാഗ്നറ്റിക്ക് ഫോഴ്‌സ് ) : ഇതും നമുക്ക് നിത്യ ജീവിതത്തിൽ കാണാം. ഇലക്ട്രിക് ചാർജ് ഉള്ള വസ്തുക്കളിൽ ആണ് ഇത് കാണുക. നാം കാണുന്ന  എല്ലാ വസ്തുക്കളും ആറ്റങ്ങൾ കൊണ്ട് ഉണ്ടാക്കിയതാണ്. അതുകൊണ്ട് പല രൂപത്തിൽ നമുക്ക് ഈ ബലത്തെ അനുഭവപ്പെടാം. വൈദ്യുതി ഉപയോഗിച്ചുള്ള ഉപകരണങ്ങൾ, സ്പർശനം അറിയുന്നത്, മസിൽ ശക്തി എന്ന് വേണ്ട ഗുരുത്വാകര്‍ഷണം ഒഴികെ നാം അറിയുന്ന ശക്തി  അധികവും ഈ വൈദ്യുത കാന്തിക ബലം ആണ്, അതിന്‍റെ പല രൂപങ്ങൾ. ഇത് ഗ്രാവിറ്റിയെക്കാൾ 10^35 മടങ്ങു ശക്തി എറിയതാണ്. 

3) അശക്ത ബലം. ( വീക്ക് ഫോഴ്‌സ് ) : ഇത് ആറ്റങ്ങൾക്കുള്ളിലെ ബലം ആണ്. ചില തരം ആറ്റങ്ങൾ സ്വയമായി അപചയം സംഭവിക്കുന്നത് ഈ ബലം മറികടന്നാണ്‌. ഈ ബലം നമുക്ക് നിത്യ ജീവിതത്തിൽ അറിയുവാൻ സാധിക്കില്ല. എന്നാലും പദാർത്ഥങ്ങളെപ്പറ്റി നമുക്ക് മനസിലാക്കിത്തരുവാൻ ഈ ശക്തിയുടെ പഠനം വഴി സാധിക്കുന്നു.

4) ശക്ത ബലം. ( സ്ട്രോങ്ങ് ഫോഴ്‌സ് ) : ഇതും ആറ്റങ്ങൾക്കുള്ളിലെ ബലം ആണ്. ഇതുകൊണ്ടാണ് ഓരോ ആറ്റത്തിനുള്ളിലെയും കേന്ദ്രം വിഘടിക്കാതെ നിലകൊള്ളുന്നത്. ഇത് വളരെ വളരെ ശക്തം ആണ്. ഈ ബലത്തെ തകർക്കുവാൻ ആണ് നമ്മൾ പഠിച്ചപണി ഒക്കെ എടുത്തു ലാർജ് ഹാഡ്രോൺ കൊള്ളയ്‌ഡർ ഒക്കെ ഉണ്ടാക്കിയത്. നമ്മൾ ചുറ്റിക എടുത്ത്‌ ആഞ്ഞു ഇടിച്ചാൽ പോലും അത് ആറ്റത്തിന്‍റെ ഏഴു അയലക്കത്തു പോലും എത്തില്ല. വളരെ ശക്തം ആണ് എങ്കിലും അത് വളരെ റേഞ്ച് കുറഞ്ഞതാണ്. ആ ബലം ആറ്റത്തിന് വെളിയിൽ അനുഭവപ്പെടില്ല. എന്നാൽ ഏറ്റവും ശക്തമല്ലാത്ത ഗ്രാവിറ്റി യുടെ റേഞ്ച് അങ്ങ് അനന്തത വരെ ഉണ്ട് !

മുകളിൽ പറഞ്ഞതൊക്കെ നമുക്ക് അറിയാമായിരുന്ന ബലങ്ങൾ ആണ്.  എന്നാൽ ഇപ്പോൾ ഇതിലൊന്നും പെടാത്ത ഒരു പുതിയ ബലം കണ്ടെത്തിയിരിക്കുന്നു. ഡാർക്ക് ഫോട്ടോണിനെപ്പറ്റി  പഠിക്കുവാനുള്ള പരീക്ഷണത്തിനിടയിൽ ആണ് ഡാർക്ക് മാറ്ററുമായി പ്രതികരിക്കുന്നു എന്ന് സംശയിക്കുന്ന  രീതിയിലുള്ള ഈ ബലം മനസിലാക്കിയത്. പ്രപഞ്ചത്തിൽ ഏറ്റവും അധികമുള്ളതും, എന്നാൽ നമുക്ക് നേരിട്ട് മനസിലാക്കാൻ പറ്റാത്തതുമായ ഡാർക്ക് മാറ്ററിനെക്കുറിച്ചു കൂടുതൽ മനസിലാക്കുവാനും അങ്ങനെ ഈ  പ്രപഞ്ചത്തെക്കുറിച്ച് തന്നെയുള്ള  നമ്മുടെ കാഴ്ചപ്പാടുതന്നെ മാറ്റിമറിക്കുവാനും ഈ ബലത്തിന്‍റെ കണ്ടെത്തൽ കൊണ്ട് കഴിയും എന്നും കരുതുന്നു.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment