എന്തുകൊണ്ട് ' ചൈനീസ് മുട്ട ' ഉണ്ടാക്കാൻ പറ്റില്ല ?

രാജു : എന്തുകൊണ്ടാണ്  ' ചൈനീസ് മുട്ട ' ഉണ്ടാക്കാൻ പറ്റില്ലന്ന്‍ മാഷ് പറഞ്ഞത് ?

മാഷ് : ഉണ്ടാക്കാൻ പറ്റില്ല എന്നല്ല, വ്യാവസായികാടിസ്ഥാനത്തിൽ ലാഭകരമായി  ഉണ്ടാക്കാൻ പറ്റില്ല എന്നാണ് പറഞ്ഞത്.

മീര : അതെന്താ ബൈജുമാഷേ ?

മാഷ് : വ്യാജ മുട്ട ഉണ്ടാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ.


രാജു : മുട്ട ഉണ്ടാക്കുന്ന  വീഡിയോ നെറ്റിൽ ഉണ്ടല്ലോ.

മാഷ് : വീഡിയോയിൽ കാണുന്നപോലെ   മുട്ട ഉണ്ടാക്കാം. അൽപ്പം കലാബോധവും കൈയ്യടക്കവും ഉള്ളവർക്ക് എളുപ്പം മുട്ട ഉണ്ടാക്കാം. കാൽസ്യം പൊടി മിക്സ് ചെയ്ത് മുട്ടയുടെ  ഷെല്ലും, സ്റ്റാർച്  എടുത്ത് പാടയും, ജെല്ലി കളർ മിക്സ് ചെയ്ത് വെള്ളയും മഞ്ഞ ഉണ്ണിയും ഒക്കെ ഉണ്ടാക്കാം. ചിത്രം നോക്കുക. മുട്ടയ്ക്ക് അകത്ത് 2 തരം പാടകളും മഞ്ഞക്കുരുവിനെ ബന്ധിച്ചുകൊണ്ട് സ്പ്രിങ് പോലത്തെ ' chalazae ' യും ഒരു 'വായു കെട്ടി നിൽക്കുന്ന ' air cell ' ഉം ഒക്കെ ഉണ്ട്. അതുകൊണ്ട് വ്യാജനെ സൂക്ഷ്മമായി പരിശോധിച്ചാൽ ആർക്കും എളുപ്പം കണ്ടുപിടിക്കാവുന്നതേ ഉള്ളൂ. ഇനി അതൊക്കെ മറന്ന്‍ മുട്ടയുടെ ഷെല്ലും അകത്തെ പാടയും വെള്ളയും മഞ്ഞക്കരുവും മാത്രം ഉണ്ടാക്കിയാലും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. വ്യാജമുട്ട അങ്ങനെ ആണെന്ന് തൽക്കാലം കരുതാം.



മുട്ടയുടെ ഷേപ്പ് ഉള്ള ' കിൻഡർ ജോയ് ' മിട്ടായിക്ക് എത്ര രൂപയാ ?

കുട്ടികൾ : 35 രൂപ.

മാഷ് : മുട്ടയ്‌ക്കോ ?

കുട്ടികൾ : 5 രൂപ.

മാഷ് : 20 ഗ്രാം ഭാരമുള്ള കിൻഡർ ജോയ്ക്ക് 35 രൂപ. 60 ഗ്രാം ഭാരമുള്ള വ്യാജ മുട്ടയ്ക്ക് 5 രൂപ !

മുട്ടയുടെ ഷേപ്പിലുള്ള ഒരു ഷെല്ലും, അതിൽ ഒരു കുഞ്ഞു ചോക്കലേറ്റും ആയപ്പോൾ അതിന് 35 രൂപ ആയി. മുട്ടയ്‌ക്കോ വെറും 5 രൂപ. അപ്പോൾ ഇത്രയ്ക്ക് ബുദ്ധിമുട്ടി കിൻഡർ ജോയിയുടെ 3 ഇരട്ടി ഭാരം ഉള്ള മുട്ട ഉണ്ടാക്കുവാൻ എത്ര രൂപ ചിലവാകും ? അൽപ്പം ലാഭം ഇല്ലാതെ അവർക്ക് മുട്ട ഉണ്ടാക്കിയിട്ട് കാര്യമില്ലല്ലോ. അപ്പോൾ വ്യാജ മുട്ട ഉണ്ടാക്കുന്നവന് എത്ര രൂപ കിട്ടും ?? 

ലത : കൂടുതൽ മുട്ടകൾ യന്ത്രം ഉപയോഗിച്ച് ഉണ്ടാക്കിയാൽ വില കുറയില്ല മാഷേ ?

മാഷ് : കൂടുതലായി ഉണ്ടാക്കിയാൽ  വില കുറയും. പക്ഷെ അവിടെയൂം സംഗതി നിൽക്കുന്നില്ലല്ലോ.

മുട്ടയുടെ വെള്ളയും മഞ്ഞയും ചൂടാക്കിയാൽ കട്ടിയാവും. അതുപോലെ സാധാരണ ചൂടിൽ വെള്ളം പോലെയും ചൂടാക്കിയാൽ കട്ടിയും ആവുന്ന  എത്ര  വസ്തുക്കൾ നിങ്ങൾക്കറിയാം ? അരിപ്പൊടി ? ജെല്ലി ? പാൽ ? പ്ളാസ്റ്റിക്ക് ??  ചൂടാക്കിയാൽ അവ കട്ടി ആവുമോ ?

കുട്ടികൾ : ചൂടാക്കുമ്പോൾ കാട്ടിയാവുന്ന വസ്തുക്കൾ അറിയില്ല.

മാഷ് : ചൂടാക്കുമ്പോൾ കട്ടിയാവുന്ന വസ്തുക്കൾ  കൊണ്ടേ വ്യാജ മുട്ടയുടെ മഞ്ഞയും വെള്ളയും ഉണ്ടാക്കിയാൽ കാര്യമുള്ളൂ. അല്ലെങ്കിൽ നമ്മൾ മുട്ട ചൂടാക്കിയാൽ വ്യാജനാണോ  എന്ന് അപ്പോൾത്തന്നെ മനസിലാവും.

കുട്ടികൾ : ഇപ്പോൾ മനസിലായി മാഷേ.
സാധാരണ ചൂടിൽ ദ്രാവകാവസ്ഥയിലും ചൂടാക്കുമ്പോൾ കട്ടിയാവുന്നതും കഴിക്കാൻ സാധിക്കുന്നതും കൂടാതെ ഷെല്ലും പാടയും മഞ്ഞയും വെള്ളയും മണവും ഒക്കെ ആയി 60 ഗ്രാം വസ്തുക്കൾ ചേർത്ത് വ്യാജ മുട്ട ഉണ്ടാക്കി 3-4 രൂപയ്ക്ക് വിറ്റാൽ മാത്രമേ വ്യാജമുട്ട ഉണ്ടാക്കുന്നവർക്ക് വിപണിയിൽ പിടിച്ചു നിൽക്കാൻ സാധിക്കൂ. ഇവയിൽ ഏതെങ്കിലും തെറ്റിപ്പോയാൽ അപ്പോൾ കച്ചവടം പൊളിയും.



                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment