തുല്യഗുരുത്വ ബിന്ദുക്കൾ അല്ലെങ്കിൽ ലഗ്രാൻജിൻ പോയിന്‍റ്‌സ്

ശരണ്യ : മാഷേ.. ഇന്ന് പുതിയ എന്തെകിലും കാര്യം പറഞ്ഞു താ.

മാഷ് : Lagrangian points എന്ന് കേട്ടിട്ടുണ്ടോ ?

കുട്ടികൾ : ഇല്ല. എന്താ അത് ?

മാഷ് :  Lagrangian points  എന്ന് പറയുന്നത് നമ്മുടെ സോളാർ സിസ്റ്റത്തിലെ ചില മാജിക്ക് ഇടങ്ങൾ ആണ് !. 

ലത : എന്ന് വച്ചാൽ..



മാഷ് : നമ്മുടെ സാറ്റലെറ്റുകൾ അധികവും പോകുന്നത് 400 കിലോമീറ്ററിനും 600 കിലോമീറ്ററിനും ഇടയ്ക്കാണ്. പിന്നെ കമ്യൂണിക്കേഷൻ സാറ്റലെറ്റുകൾ.. അവ 36,000 കിലോമീറ്റർ ദൂരെ. പക്ഷെ അതിനും ദൂരെ ആണ് നമ്മുടെ സ്വാഭാവിക സാറ്റലെറ്റ് ആയ ചന്ദ്രൻ. പിന്നെയും ദൂരെ  ഒരു 10 ലക്ഷം കിലോമീറ്റർ ദൂരെ പോയാൽ ഭൂമിയുടെ ആകർഷണ വലയത്തിന് വെളിയിൽ ആവും. പിന്നെയും ദൂരേക്ക് പോയാൽ ഭൂമിയുടെ പിടുത്തം വിട്ട് ആ സാറ്റലെറ്റ്  സൂര്യന്‍റെ ആകർഷണത്തിൽ ആവും. അതുകൊണ്ട് 10 ലക്ഷം കിലോമീറ്ററിന് മുകളിൽ ഒരു സാറ്റലെറ്റിന് ഭൂമിയെ ഓർബിറ്റ് ചെയ്യുവാൻ സാധിക്കില്ല. അവിടെയാണ് നമ്മുടെ  Lagrangian points ഉപകാരപ്പെടുന്നത് !

ശരണ്യ : അതെങ്ങനെ ?

മാഷ് : സൂര്യനും ഭൂമിക്കും ഇടയ്ക്കായി ചില പ്രത്യേക ഇടങ്ങളിൽ ഭൂമിയുടെയും സൂര്യന്‍റെയും ഗ്രാവിറ്റിയും, സാറ്റലെറ്റിന്‍റെ അഭികേന്ദ്രബലവും തമ്മിൽ ബാലൻസ്ഡ്‌  ആയി വരും. അപ്പോൾ അവിടെ ഉള്ള ഉപഗ്രഹങ്ങളോ  അല്ലെങ്കിൽ ഉൽക്കയോ   പോലുള്ള ചെറിയ വസ്തുക്കൾ  സൂര്യനിലേക്കോ ഭൂമിയിലേക്കോ  വീഴാതെ  ഒരു സംതുലിതാവസ്ഥയിൽ ആവുന്നു. അതിനായി ആ വസ്തുക്കൾക്ക് ഭൂമിയുമായി താരതമ്യ വേഗത പാടില്ല. എന്നുവച്ചാൽ ആ വസ്തു സൂര്യനെ 1 വർഷം കൊണ്ട് ചുറ്റുന്നതാവണം.

രാജു : മനസിലായില്ല...



മാഷ് : ചിത്രം നോക്കുക. അതിൽ " L1 " എന്ന പോയിന്റ് ശ്രദ്ധിക്കുക. അവിടെ നമ്മുടെ ഉപഗ്രഹം ഉണ്ടെന്ന്‍ കരുതുക. ആ പ്രത്യേക പോയിന്‍റില്‍ നിൽക്കുകയാണ്. അവിടെ സൂര്യന്‍റെയും ഭൂമിയുടെയും ആകർഷണം തുല്യവും എതിർ ദിശയിലും ആണ്. അപ്പോൾ ഉപഗ്രഹം സൂര്യനിലേക്കോ ഭൂമിയിലേക്കോ പോവില്ല. ഭൂമിയെ ഓർബിറ്റ്   ചെയ്യാതെതന്നെ  അവിടെ ആ ഉപഗ്രഹത്തിന് ചുമ്മാ നിൽക്കാം.  ഭൂമി 1 വർഷം കൊണ്ട് സൂര്യനെ വലയം വെക്കുമ്പോൾ ഈ ഉപഗ്രഹവും ഭൂമിയുടെ കൂടെ സൂര്യനെ വലയം വച്ചാൽ മതി.  അതുപോലെ മറ്റു പോയിന്‍റുകൾ ആണ് L2, L3, L4 & L5.

ലത : L2-L5 ഒന്നും തുല്യ ഗുരുത്വം അല്ലല്ലോ മാഷേ.

മാഷ് : L2 & L3 തുല്യ ഗുരുത്വ ബലം  അല്ല. പക്ഷെ ആ സ്ഥാനത്തുകൂടെ 1 വർഷം കൊണ്ട് സാറ്റലെറ്റ് സൂര്യനെ ചുറ്റുമ്പോഴുണ്ടാവുന്ന ' അഭികേന്ദ്ര ബലം ' അല്ലെങ്കിൽ  centripetal force സൂര്യന്‍റെയും ഭൂമിയുടടെയും ആകർഷണ ബലത്തിന് തുല്യവും എതിരും ആയി വരും. 

മീര : ഈ പോയിന്‍റുകളുടെ ഉപയോഗം എന്താ ബൈജുമാഷേ ?

മാഷ് :  സാധാരണ ഓർബിറ്റുകൾക്ക്  ഇല്ലാത്ത ചില പ്രത്യേകതകൾ ഈ പോയിന്‍റുകൾക്ക് ഉണ്ട്. ഇതും ഒരു ഓർബിറ്റ് ആണ്. പക്ഷെ നമ്മുടെ സാധാരണ ഓർബിറ്റുകളെക്കാൾ ദൂരെ ആണ്. അവിടെ  ഒരു സാറ്റലെറ്റ് ഉണ്ടെങ്കിൽ അതിൽനിന്നും  വർഷം മുഴുവനും  ഒരേ ദിശയിലാവും ഭൂമിയെയും സൂര്യനെയും കാണുക. 

അതുകൊണ്ട് നമുക്ക് വർഷം മുഴുവനും സൂര്യനെയോ, ഭൂമിയെയോ ഒരിടത്ത് നിന്നും നിരീക്ഷിക്കണമെന്നുണ്ടെങ്കിൽ ആ പോയിന്‍റുകളിൽ ഉപഗ്രഹത്തെ നിർത്തിയാൽ മതിയാവും. L1 ഉം L2 ഉം ഭൂമിയിൽ നിന്നും ഏതാണ്ട് 15 ലക്ഷം കിലോമീറ്റർ ദൂരെ ആണ്. L1 ഭൂമിക്കും സൂര്യനും ഇടയിലും, L2 സൂര്യന് എതിർ ദിശയിലും. L3 വരുന്നത് ഏതാണ്ട് ഭൂമിയുടെ ഓർബിറ്റിൽത്തന്നെ ആണ്. പക്ഷെ സൂര്യന് പിന്നിൽ ആണ്. അതുകൊണ്ടുതന്നെ അവിടെ ഒരു സാറ്റലെറ്റ് ഉണ്ടായാൽ അതിന് ഭൂമിയിലേക്ക് നേരിട്ട് സിഗ്നൽ അയക്കുവാൻ സാധിക്കില്ല. കാരണം സൂര്യൻ ഇടയ്ക്കു വരുന്നതുകൊണ്ട് തന്നെ. L4 ഉം L5 ഉം സൂര്യന് ഇടതും, വലതുമായി 60 ഡിഗ്രിയിൽ ആണ് വരിക. ഇവയാണ് മറ്റു പോയിന്‍റുകളെ അപേക്ഷിച്ച് കൂടുതൽ സ്ഥിരത ഉള്ളത്. ഓരോ പോയിന്‍റുകളുടെയും പ്രത്യേകത മനസിലാക്കി നമുക്ക് അവയെ പ്രതേകം പ്രത്യേകം ഉപയോഗങ്ങൾക്കായി ഉപയോഗിക്കാം.

മീര :  Lagrangian points നു മലയാളം എന്താ ബൈജുമാഷേ ?

മാഷ് : മലയാളത്തിൽ ഇപ്പോൾ അങ്ങനൊരു വാക്ക്  ഇല്ല. അത് കണ്ടുപിടിച്ചത് 300 വർഷങ്ങൾക്കു  മുന്നേ ജോസഫ്-ലൂയിസ് ലഗ്രാങ്  എന്ന ആളാണ്. അയാളുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. എന്നാലും വേണമെങ്കിൽ നമുക്ക് ഇതിനെ 'തുല്യഗുരുത്വ ബിന്ദുക്കൾ' അല്ലെങ്കിൽ ' ലഗ്രാൻജിൻ പോയിന്‍റ്‌സ് ' എന്ന് തന്നെ പറയാം. 

രാജു :  മലയാളം  വിക്കിപീഡിയയിൽ ഉണ്ടോ ഇത്   ?

മാഷ് : മലയാളം വിക്കിയിൽ ഇല്ല. പക്ഷെ നിങ്ങൾക്ക് വേണമെങ്കിൽ എഴുതി ചേർക്കാം.

'തുല്യഗുരുത്വ ബിന്ദുക്കൾ ' or  ' ലഗ്രാൻജിൻ പോയിന്‍റ്‌സ് ': 
ഖഗോള മന്ധലത്തിൽ 2 വലിയ ഗോളങ്ങളെ  അവയുടെ ഗുരുത്വാഘർഷണത്താൽ മാത്രം,  ചെറിയ വസ്തുക്കൾക്ക് അവയിൽനിന്നും ആപേക്ഷികമായി  ഒരേ  ദൂരത്തിൽ സ്ഥിരമായി  നിലകൊള്ളുവാൻ പറ്റിയ ഇടങ്ങൾ ഉണ്ടാവുന്നു. ഇതുപോലുള്ള  തുല്യഗുരുത്വ ബിന്ദുക്കളിൽ,  ആ വലിയ രണ്ട് ഗോളങ്ങളുടെയും ചേർന്നുള്ള ഗുരുത്വാഘർഷണം, അവിടെനിന്നുകൊണ്ടുതന്നെ  അവയെ ചുറ്റാനുള്ള ചെറിയ വസ്തുവിന്‍റെ  അഭികേന്ദ്രബലം ആയി വർത്തിക്കുന്നു. 

5 തുല്യഗുരുത്വ ബിന്ദുക്കൾ ഉണ്ട്.  ഇവയെ L1, L2, L3, L4, L5 എന്നാണു പറയുക. L1 മുതൽ L5 വരെ അവയ്ക്കു കൃത്യമായ സ്ഥാനങ്ങളും നൽകിയിട്ടുണ്ട്. വലിയ ഗോളങ്ങൾക്കാണ് തുല്യഗുരുത്വ ബിന്ദുക്കൾ ഉണ്ടാവുക. സൂര്യനും, ഭൂമിക്കും, അത് പോലെ ഭൂമിക്കും, ചന്ദനും  തുല്യഗുരുത്വ ബിന്ദുക്കൾ ഉണ്ടാവും. നമ്മുടെ സൗരയൂഥത്തിൽ സൂര്യനും, വലിയ ഗ്രഹം ആയ വ്യാഴത്തിനും ചേർന്ന്   ആണ് ഏറ്റവും ശക്തമായ  തുല്യഗുരുത്വ ബിന്ദുക്കൾ ഉള്ളത്. L4 ലും, L5 ലും ആയി ലക്ഷക്കണക്കിന് വലിയ ഉൽക്കകൾ കുടുങ്ങി കിടപ്പുണ്ട്.  അതിനെ 'ട്രോജൻസ്' എന്ന് പറയും.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment