ചിലപ്പോള്‍ വിമാനം ലാന്‍ഡ്‌ ചെയ്യാതെ പെട്ടെന്ന് പൊക്കുന്നത് എന്തായിരിക്കും ?

രാജു : ഒരു ദിവസം പ്ലെയിന്‍ ലാൻഡ് ചെയ്യാൻ റൺവേയോട് അടുത്തു. പക്ഷെ പെട്ടന്ന് ഇറങ്ങാതെ വിമാനം വീണ്ടും പൊങ്ങി. അതെന്തിനായിരിക്കും  മാഷേ  ? 

മാഷ് : പ്ലെയിന്‍ അങ്ങനെ ഇറങ്ങാതെ വീണ്ടും പൊക്കിയെങ്കിൽ കാരണം ഇതിൽ ഒന്നാവാം.



1) വിമാനം ഇറങ്ങാനുള്ള റൺവേ ക്ലിയർ ആയിരിക്കില്ല. റൺവേയിൽ  ചിലപ്പോൾ മറ്റു പ്ലെയിനുകളോ എയർപോർട്ടിലെ വാഹനങ്ങളോ ഉണ്ടാവാം.
2) ഇപ്പോൾ ഇറങ്ങേണ്ട എന്ന അറിയിപ്പ് പൈലറ്റിന് ലഭിച്ചിരിക്കാം.
3) കാറ്റിന്‍റെ ഗതി മാറിയാൽ ഇറക്കാൻ ബുദ്ധിമുട്ട് വരാം.

ലത : അതെങ്ങനെ ?
മാഷ് : ഒരു ഇന്‍റർനാഷണൽ ഫ്‌ളൈറ്റ് ലാൻഡ് ചെയ്യുമ്പോഴുള്ള സ്പീഡ്  ഏതാണ്ട് 250 കിലോമീറ്റർ ആയിരിക്കും. അത് കാറ്റ് ഇല്ലാത്ത സമയത്തുള്ള വേഗത ആണ്. അല്ലെങ്കിൽ 'ടെയിൽ വിൻഡ് സ്പീഡ്'  പൂജ്യം ഉള്ളപ്പോഴുള്ള വേഗത എന്ന് പറയാം. ഇനി നമ്മൾ കാറ്റ് കൂടെ കണക്കിലെടുത്താലോ ... അപ്പോൾ വിമാനം ലാൻഡ് ചെയ്യുന്ന വേഗതയിൽ മാറ്റം വരും.ഉദാഹരണത്തിന് വിമാനത്തിന്‍റെ മുന്നിൽ നിന്നും 50 കിലോമീറ്ററിൽ കാറ്റു വരുന്നു എന്ന് കരുതുക. അപ്പോൾ വിമാനത്തിന് ലാൻഡ് ചെയ്യുവാൻ കരയുമായി അല്ലെങ്കിൽ റൺവേയുടെ ആപേക്ഷികമായി  200 കിലോമാറ്റർ വേഗത മതിയാവും. അപ്പോഴും വായുവിൽ 50 കിലോമീറ്റർ 'ടെയിൽ സ്പീഡിൽ' വിമാനത്തിന് 250 കിലോമീറ്റർ വേഗതയുള്ളതിന് തുല്യമാണ്. പക്ഷെ  റൺവേയിൽ 200 കിലോമീറ്റർ വേഗതയേ പ്ലെയിനിന് ഉണ്ടാവൂ. ( 250-50 ) 

മീര : അതുകൊണ്ട് എന്താ ലാഭം ബൈജുമാഷേ ?

മാഷ് : ലാഭം അല്ല. സുരക്ഷിതം ആണ്. വിമാനം പതുക്കെ റൺവേയിൽ ഇറങ്ങിയാൽ വിമാനം വേഗം നിൽക്കും. റൺവേയ്ക്ക് നീളം കുറച്ചു മതി. കൂടുതൽ സുരക്ഷിതം. കുറച്ചു വർഷങ്ങൾക്ക്  മുന്നേ മംഗലാപുരത്ത്‌ പ്‌ളെയിൻ റൺവേയിൽ ബ്രെക്ക് ഇട്ടു, നിൽക്കാതെ പുറത്തേക്കു പോയി എന്ന വാർത്ത നിങ്ങൾ കേട്ടില്ലേ. കാറ്റിന് എതിരായി ലാൻഡ്  ചെയ്‌താൽ കൂടുതൽ സുരക്ഷിതം ആണ്.

ഇനി വിമാനത്തിന്‍റെ പിന്നിൽ നിന്നാണ് 50 കിലോമീറ്റർ കാറ്റ് അടിക്കുന്നതെന്ന്‍ വിചാരിക്കൂ. അപ്പോൾ ലാൻഡ്  ചെയ്യുമ്പോൾ വിമാനത്തിന് 250+50 = 300 കിലോമാറ്റർ വേഗത വരും. അത്ര വേഗത്തിൽ വിമാനം ലാൻഡ് ചെയ്‌താൽ റൺവേയിൽ നിൽക്കാതെ വരും. അപകടം ഉണ്ടാവാം. അതുകൊണ്ട് വിമാനം എപ്പോഴും കാറ്റു വീശുന്നതിന്‍റെ എതിർ ദിശയിലെ റൺവേയിലേ ഇറക്കൂ. വലിയ റൺവേയുള്ള എയർപ്പോർട്ടുകൾക്ക് ഇത് ബാധകമല്ല. 

250 കിലോമീറ്റർ വേഗതയിൽ പ്ലെയിനിന്‍റെ മുന്നിൽ നിന്ന് കാറ്റ് അടിക്കുകയാണെങ്കിൽ പ്ലെയിനിന് റൺവേയിൽ ഒട്ടും ഓടാതെ തന്നെ ഒരിടത്ത്‌ നിന്ന് ലാൻഡ് ചെയ്യാം. 100 കിലോമീറ്റർ വേഗതയിൽ കാറ്റ് അടിച്ചാൽ പോലും നമുക്ക് സുരക്ഷിതം അല്ല. ഇത് ഒരു ആലോചനയ്ക്കു വേണ്ടി മാത്രം പറഞ്ഞതാണ്.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment