വാൽനക്ഷത്രത്തിലേക്ക് ഒരു യാത്ര ( ഭാഗം - 3)

നമ്മളിപ്പോൾ വാൽനക്ഷത്രത്തിന് 10 കിലോമീറ്റർ അടുത്താണ്. സൂര്യപ്രകാശം വീഴുന്ന അതിന്‍റെ ഒരു പകുതി മാത്രമേ നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്നുള്ളൂ. പേടകം അതിനെ ലക്ഷ്യമാക്കി മെല്ലെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. 




പേടകം ഇപ്പോൾ വാൽനക്ഷത്രത്തിന് തൊട്ടടുത്തെത്തി. പേടിപ്പെടുത്തുന്ന ഒരു കാഴ്ചയായി എനിക്ക് തോന്നി. കറുത്തു തിളങ്ങുന്ന ഉപരിതലം. വലിയ കറുത്ത പാറ പോലെ. എന്നാൽ പൊടിപടലങ്ങളോ ചെറിയ കല്ലുകളോ ഒന്നും കാണുന്നില്ല. നിഘൂഡമായ ഒരിടം പോലെ. പേടകം ഇപ്പോൾ വാൽനക്ഷത്രത്തിൽ നിന്നും മെല്ലെ അകലുകയാണ്. അതിന്‍റെ ഗ്രാവിറ്റി നമ്മൾ പ്രതീക്ഷിച്ചതിനും കുറവാണ്. അതുകൊണ്ട് അതിനെ വലയം ചെയ്യാൻ സാധിക്കില്ല. മറിച്ച് ഇടയ്ക്ക് ദിശ തിരിച്ചുവിട്ട് ത്രികോണ ആകൃതിയിൽ ചുറ്റാനാണ് ഭൂമിയിൽ നിന്നുള്ള നിർദേശം. ഇത് നേരത്തേ നമ്മുടെ ലിസ്റ്റിൽ ഇല്ലതിരുന്ന ഒരു യാത്ര ആയതുകൊണ്ട് മുൻകൂട്ടിയുള്ള പ്രോഗ്രാമുകളൊന്നും പേടകത്തിൽ ഇല്ല. നമ്മുടെ ഉചിതം പോലെ ചെയ്തുകൊള്ളാനാണ് ഹ്യൂസ്റ്റണിൽ നിന്നുള്ള നിർദേശം. പക്ഷെ ആകെ അനുവദനീയമായത് 2 ദിവസം മാത്രം. അത് കഴിഞ്ഞാൽ വീണ്ടും ചൊവ്വയിലേക്ക് യാത്ര തിരിക്കണം. ഇപ്പോഴും ചൊവ്വയിലേക്ക്കുള്ള യാത്രയിൽത്തന്നെ ആണ്. പക്ഷെ കുറച്ചു തെന്നി മാറി ആണെന്ന് മാത്രം.

ഗ്രാവിമീറ്ററിൽ ഇടയ്ക്കിടയ്ക്ക് ഗ്രാവിറ്റി റെക്കൊർഡ് ചെയ്തുകൊണ്ടിരുന്നു. ഭൂമിയിലെ ഗ്രാവിറ്റിയുടേ ഏതാണ്ട് പതിനായിരത്തിൽ ഒന്ന് മാത്രമാണ് അതിന്‍റെ ഗ്രാവിറ്റി. എന്ന് വച്ചാൽ ഒരു വസ്തു ഇവിടെ നിന്നും അതിലേക്ക് വീഴുന്ന ത്വരണം / ആക്സിലറേഷൻ സെക്കന്‍റില്‍ 1mm/sec 2 എന്ന രീതിയിൽ ആയിരിക്കും. ആൽബർട്ട് പേടകത്തെ നിയന്ത്രിക്കാൻ മിടുക്കൻ ആണ്. എനിക്കാണെങ്കിൽ മറ്റു കാര്യങ്ങൾ നോക്കിയാൽ മതി. ആൽബർട്ട് പേടകത്തിന്‍റെ ദിശ തിരിച്ചു വീണ്ടും വാൽനക്ഷത്രത്തെ ലക്ഷ്യമാക്കി വിട്ടു. ഇത്തവണ വേഗത തീരെ കുറച്ചാണ് നമ്മൾ വാൽനക്ഷത്രത്തോട് അടുക്കുന്നത്. അവിടെ ലാന്ഡ് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ ഒന്നും പേടകത്തിൽ ഇല്ല. അതുകൊണ്ട് കുറച്ച് അടുത്ത് എത്തിയാൽ അതിൽ നിന്നും അങ്ങോട്ട് ചാടാൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷെ അങ്ങനെ ചാടിയാൽ പേടകത്തെ ആരു നിയന്ത്രിക്കും ഭൂമിയിൽ നിന്നും അത് പറ്റില്ല. കാരണം ഇവിടെ നടക്കുന്ന കാര്യങ്ങൾ ഭൂമിയിൽ കണ്ട് വീണ്ടും നിയന്ത്രണ നിർദേശം ഇവിടെ ത്തുവാൻ 1 മണിക്കൂർഎടുക്കും.

വേറെ മാര്‍ഗം എന്താണെന്നു വച്ചാൽ.. ഒരാൾ ഇതിൽ ഇരുന്ന് മറ്റേ ആൾ അങ്ങോട്ട് ചാടണം. എന്ത് ചെയ്യും ? അല്ലെങ്കിൽ പേടകം വേഗത ആ വാൽനക്ഷത്രത്തിന് തുല്യമാക്കി അതിനു കൂടെ പോകണം. പക്ഷെ അത്ര കൃത്യത.. എന്തായാലും ആൽബർട്ട് കിണഞ്ഞു ശ്രമിക്കുകയാണ്. ഇപ്പോൾ നമ്മൾ ഏതാണ്ട് 100 മീറ്റർ അടുത്തെത്തി. ഇപ്പോൾ പേടകവും വാൽനക്ഷത്രവും കൃത്യമായി അലൈൻ ചെയ്തു കഴിഞ്ഞു. പേടകത്തെ ഇനിയും വാൽനക്ഷത്രവുമായി അടുപ്പിക്കാൻ അനുവാദം ഇല്ല. കാരണം ഞങ്ങൾ അങ്ങോട്ട് ചാടി ഇവിടെ തിരിച്ചു എത്തുമ്പോൾ ഏതാണ്ടു 2-3 മണിക്കൂർ എങ്കിലും കഴിയും. ആ സമയംകൊണ്ടു പേടകം ചിലപ്പോൾ ദൂരെ എത്തിയിട്ടുണ്ടാവും.

ഞങ്ങൾ സ്പേസ് സ്യൂട്ട് ഇട്ട് തയ്യാറായി. വാക്കി ടോക്കി ഒക്കെ ഒന്നുകൂടെ ടെസ്റ്റ്‌ ചെയ്തു. ക്യാമറയും ബൈനോക്കുലറും എടുത്തു. ആൽബർട്ട് ആണെങ്കിൽ കയറും ഹുക്കും ഒക്കെ എടുത്തുതോളത്ത് ഇട്ടു. പുള്ളിയെ ഇപ്പോൾ കണ്ടാൽ ട്രെക്കിങ്ങിന് പോവുകയാണെന്ന് തോന്നും.. ഹ ഹാ.. ഞങ്ങൾ രണ്ടു പേരും അങ്ങോട്ട് ചാടാൻ റെഡി ആയി. പക്ഷെ രണ്ടു പേരും രണ്ടു രീതിയിൽ ചാടാമെന്നു തീരുമാനിച്ചു. ആൽബർട്ട് അങ്ങോട്ട് കുതിച്ചു ചാടും. ഞാൻ ആണേൽ ചുമ്മാ പേടകത്തിന് വെളിയിൽ ഇറങ്ങും. അതിന്‍റെ ഗ്രാവിറ്റിയിൽ ഞാൻ താനേ അങ്ങ് ചെന്ന് വീഴും.

സമയം 6:30 am. പേടകത്തിലെ ടെലി ഫോട്ടോ HD ക്യാമറ കൃത്യമായി ഞങ്ങൾ ഇറങ്ങാൻ ഉദ്ധേശിച്ച ഇടത്തേക്ക് വരുന്ന രീതിയിൽ പേടകത്തെ തിരിച്ചു. ആൽബർട്ട് പേടകത്തിന്‍റെ എയർലോക്ക് ഡോർ മെല്ലെ തിരിച്ചു തുറന്നു. അപ്പുറം കടന്ന ശേഷം ഡോർ ഭദ്രായി അടച്ചു. പിന്നെ ഹാച്ച് തുറന്നു. സ്പേസ് സ്യൂട്ട് ഇപ്പോൾ വീർത്തു. ആകെ അങ്കലാപ്പ്. ഭൂമിയിൽ നിന്ന് പോന്നതിൽപ്പിന്നെ സ്പേസിൽ ആണെന്ന തോന്നൽ ഇപ്പോഴാണ് വന്നത്. അങ്ങ് ചാടിയാൽ പിന്നെ ഇങ്ങു തിരിച്ചു വരാതിരിക്കാൻ പറ്റാതിരിക്കുമോ ?എന്തായാലും ചൊവ്വയിൽ പോയി ചാവാൻ തീരുമാനിച്ച് ഇറങ്ങിയതല്ലേ... ഇനി പേടിച്ചിട്ട് എന്താ കാര്യം. മനസ്സിന് അൽപ്പം ധൈര്യംകിട്ടി. വീട്ടിൽ മക്കളും ഭാര്യയും എന്തെടുക്കുകയാണോ ആവോ...

ആൽബർട്ട് അങ്ങോട്ട് കുതിച്ചു ചാടി. ധൈര്യവാൻ. അല്ലേലും അവൻ പണ്ടേ ഇങ്ങനാ. ഭാര്യ മിലേവയും സാഹസം ഇഷ്ടപ്പെടുന്ന കൂട്ടത്തിലാ.  ആൽബർട്ട് ദാ അവിടെ എത്താറായി. ഏതാണ്ടു 20 സെക്കന്‍റെ അവൻ എടുത്തുള്ളൂ. പക്ഷെ ഈ വേഗതയിൽ അവൻ അവിടെ പോയി ഇടിച്ചു അവന്‍റെ കാൽ ഒടിയില്ലേ.. എന്തായാലും നന്നായി വേദനിക്കും എന്നത് ഉറപ്പ്. പക്ഷെ കക്ഷി കാൽ ശരിയായി കുത്തിയിട്ടുണ്ടാവും. ഇപ്പോളിതാ പുള്ളി അവിടന്ന് ബൗൺസ് ആയി തിരിച്ചിങ്ങോട്ട് പൊങ്ങി വരുന്നു. ഹ ഹാ. ഇനി അവന്‍റെ വേഗത സാവകാശമേ കുറയുകയുള്ളൂ. മണ്ടൻ. ഞാൻ സാവകാശം ഹാച്ച് ഡോറിന്‍റെ വക്കിൽ നിന്ന് കൈ എടുത്തു. സ്വാഭാവികമായി അങ്ങിട്ടു വീഴുന്ന രീതിയിൽ അവിടെ എത്താമെന്നു കരുതി. ഞാൻ എന്താണ് അങ്ങോട്ട് വീഴാത്തത് ? മിനിറ്റ് 1 കഴിഞ്ഞു. ഞാൻ ഇപ്പോൾ പേടകത്തിൽനിന്നും വെറും 2 മീറ്റർ ദൂരത്താണ്. മനുവറിങ്ങ് യൂണിറ്റ് ഉപയോഗിക്കണമോ ? മനസു പറഞ്ഞു വേണ്ട... ഇനി അങ്ങോട്ട് വേഗത കൂടിക്കോളും. ഞാൻ ബൈനോക്കുലർ എടുത്തു. സുവർണ വൈസര്‍ മുകളിലേക്ക് കയറ്റി വച്ചു. ബൈനോക്കുലറിലൂടെ നോക്കുവാൻ ബുദ്ധിമുട്ടാണ്. കണ്ണ്‍ വൈസറിനോട് കൂടുതൽ അടുപ്പിച്ചു. ബൈനോക്കുലറിന്‍റെ ഐപ്പീസുകൾ കഴിവതും ഉള്ളിലേക്ക് തിരിച്ച് കയറ്റി. ആൽബർട്ട് ഇപ്പോഴും വാൽനക്ഷത്രത്തിൽ നിന്നും ബൗൺസ് ചെയ്തു പൊങ്ങി വരികയാണ്. പാവം. അധികം ആവേശം കാണിച്ചപ്പോൾ ഇങ്ങനെ പണി കിട്ടുമെന്ന് കരുതിയിട്ടുണ്ടാവില്ല.

ഏതാണ്ട് 5 മിനിറ്റ് കഴിഞ്ഞു. ഞാൻ ഇപ്പോൾ വാൽനക്ഷത്രത്തിൽ എത്താറായി. ഇപ്പോൾ ഏതാണ്ട് വീഴുന്ന ഒരു പ്രതീതി ഒക്കെ തോന്നുന്നുണ്ട്.ഇനി 2 മിനിറ്റ് കൂടെ കഴിഞ്ഞാൽ ഞാൻ നിലം തൊടും. ആൽബർട്ട് ആണെങ്കിൽ അങ്ങ് മുകളിൽ ആണ് ഇപ്പോഴും. പക്ഷെ ഇത്തവണ പുള്ളി വീണുകൊണ്ടിരിക്കുകയാണ്. പക്ഷെ ഞാൻ ആയിരിക്കും ആദ്യം എത്തുക. ആൽബർട്ട് ഒരു നിമിഷം സൂര്യനെ മറച്ചു. ഹോ.. എന്തൊരു ശക്തിയാ സൂര്യന്. സുവർണ വൈസർ താഴ്ത്തി വച്ചു.

ഇപ്പോൾ നിലം തൊടാറായി. ചന്ദ്രനിൽ ആംസ്റ്റ്രോങ്ങ് കാലു കുത്തിയ പോലെ വാൽനക്ഷത്രത്തിൽ ആദ്യമായി കാൽ കുത്തുന്നത് ഈ പാവം ഞാൻ ആവും. പക്ഷെ ആൽബർട്ട് ഇവിടെ കാൽ കുത്തിയിട്ടല്ലേ മുകളിലേക്ക് ബൗൺസ് ആയത്. അപ്പോൾ അവൻ അല്ലേ ആദ്യം. ഹോ..കൺഫൂഷൻ കൺഫൂഷൻ.

ഞാൻ മെല്ലെ ഒരു പരുന്ത് വന്നിരിക്കുന്ന പോലെ മെല്ലെ വാൽനക്ഷത്രത്തിൽ മുട്ട് മടക്കി സ്റ്റൈൽ ആയി ലാന്ഡ് ചെയ്തു. പക്ഷെ ആകെ ഒരു തെന്നൽ പോലെ മര്യദാക്ക് കാൽ വച്ചില്ലെങ്കിൽ തെറിച്ച് മുകളിലേക്കു പോകും എന്ന അവസ്ഥ. ഇവിടെ കുത്താനായി ഫ്ലാഗ് ഒന്നുംകരുതിയില്ല. അല്ലേലും ഇവിടെ ഫ്ലാഗ് പോസ്റ്റ് നാട്ടാൻ പറ്റും എന്ന് തോന്നുന്നില്ല. കൈകൊണ്ട് നിലത്തു തൊട്ട് നോക്കി. അസ്സൽ പാറ തന്നെ. വാൽനക്ഷത്രം എന്ന് കേൾക്കുമ്പോൾ ഐസ് കൊണ്ടുമൂടിയ ഒരു മഞ്ഞു മല ആണു ഓർമ വരിക. ആ മഞ്ഞ് സൂര്യന് അടുത്തു വരുമ്പോൾ ബാഷ്പീകരിക്കും. അപ്പോൾ വാലു ഉണ്ടാവും. അങ്ങനെ.. പക്ഷെ ഇതിനാകട്ടെ വാലും ഇല്ല ഐസും ഇല്ല. കാലാണെങ്കിൽ നിലത്ത് ഉറയ്ക്കുന്നുമില്ല. ഭൂമിയിൽ ഇങ്ങനെ ആയിരുന്നെങ്കിൽ നമ്മൾ എന്ത് ചെയ്തേനെ. ഗ്രാവിറ്റിക്ക് നന്ദി. ഒന്ന് മുകളിലേക്ക് ചാടി നോക്കണമോ ? വേണ്ട. ചാടിയാൽ ആൽബർട്ടിന്‍റെ ഗതി ആവും. അവൻ ഇപ്പോഴും മേലെ ആണ്. 2-3 മിനിറ്റിൽ താഴെ എത്തുമായിരിക്കും. കയറും ഹുക്കും ഒക്കെ എടുത്തു ചാടുന്നത് കണ്ടപ്പോൾ മല മറിക്കുമെന്നു തോന്നി. ചിലപ്പോൾ ഈ പാറയിൽ ഹുക്ക് പിടിച്ചിട്ടുണ്ടാവില്ല. സ്പേസ് സ്യൂട്ടിന് കൂടെ ഉണ്ടായിരുന്ന ക്യാമറയിൽ എല്ലാം റെകോർഡ് ആവുന്നുണ്ടായിരുന്നു. പേടകത്തിൽ എത്തിയ ശേഷം അതെല്ലാം ഭൂമിയിലേക്ക്‌ അയക്കണം. മാനവരാശിക്ക് വേണ്ടിയുള്ള ഒരു സന്ദേശവും ഞങ്ങൾ റെകോർഡ് ചെയ്തു.

ഏതാണ്ടു 1 മണിക്കൂർ ഞങ്ങൾ അവിടെ ചിലവഴിച്ചു. കൈയ്യിൽ കരുതിയിരുന്ന ഉപകരണങ്ങളാൽ വാൽനക്ഷത്രത്തിന്‍റെ ചില ഭാഗങ്ങൾ അടർത്തി എടുത്തു. പേടകത്തിലെ ലാബിൽ അതൊക്കെ ഒന്ന് ടെസ്റ്റ്‌ ചെയ്തു റിപ്പോർട്ട് ഭൂമിയിലേക്ക്‌ അയക്കണം. മുകളിലേക്ക് നോക്കി. പേടകം അവിടെത്തന്നെ ഉണ്ട്. ഭാഗ്യം. ഇനി പേടകത്തിലേക്ക് പോകുവാൻ എളുപ്പം. ആഞ്ഞു മുകളിലേക്ക് ഒരു ചാട്ടം ചാടിയാൽ മതി. 

തുടരും...

ഭാഗം - 2                                                                                                                             ഭാഗം - 4

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment