സ്‌പേസ് ഷട്ടിലിന് പകരം ഇപ്പോൾ എന്താണ് ഉപയോഗിക്കുന്നത് ?

മീര  : സ്‌പേസ് ഷട്ടിലിൽ  ആയിരുന്നല്ലോ ആളുകൾ അന്താരാഷ്‌ട്ര  ബഹിരാകാശ നിലയത്തിലേക്കും തിരിച്ചു ഭൂമിയിലേക്കും  വന്നുകൊണ്ടിരുന്നത്. ഇപ്പോൾ സ്‌പേസ് ഷട്ടിൽ  നിർത്തലാക്കിയല്ലോ. ഇപ്പോൾ  എന്താണ് സ്‌പേസ് ഷട്ടിലിനു പകരം അങ്ങോട്ടും ഇങ്ങോട്ടും പോവാനായി ഉപയോഗിക്കുന്നത്  ബൈജു മാഷേ ?

മാഷ് : റഷ്യയുടെ ' സോയൂസ് ' പേടകത്തിൽ ആണ് അവർ പോകുന്നതും തിരികെ വരുന്നതും. 



ലത : സോയൂസ് ??

മാഷ് : പറയാം. ബഹിരാകാശനിലയം എന്ന് പറയുന്നത് പ്രധാനമായും അമേരിക്കയുടെ ആണ്. പക്ഷെ റഷ്യയുടെ കുറേ  മൊഡ്യൂളുകളും നിലയത്തിൽ ഉണ്ട്.  കൂടാതെ ജപ്പാന്‍റെയും കാനഡയുടെയും യൂറോപ്പിന്‍റെയും ബ്രസീലിന്‍റെയും 1-2 മൊഡ്യൂളുകൾ വീതം ഉണ്ട്.  ഇവ എല്ലാം ചേർത്താണ് ബഹിരാകാശ നിലയം ഉണ്ടാക്കിയിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും അതിൽ നിന്നും മൊഡ്യൂളുകൾ അഴിച്ചു മാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാം. ഭൂമിയിൽ നിന്നും സ്‌പേസ് ഷട്ടിൽ  പോയിരുന്നപ്പോൾ അത് ആദ്യം ബഹിരാകാശ നിലയവുമായി ഘടിപ്പിക്കും. അതിനെ ' ഡോക്കിങ് ' എന്ന് പറയും. അതുപോലെ ബഹിരാകാശ നിലയവുമായി   ഡോക്ക് ചെയ്തു വച്ചിരിക്കുകയാണ് ' സോയൂസ് ' പേടകം. ഓരോ 3 മാസം കൂടുമ്പോഴും  3 ബഹിരാകാശ സഞ്ചാരികളുമായി  സോയൂസ് വാഹനം   ബൈക്കന്നൂരിൽ നിന്നും കുതിച്ചു പൊങ്ങും.  ഇപ്പോൾ സോയൂസ് പുതുക്കി പണിതു. അതുകൊണ്ട് വെറും 6 മണിക്കൂറുകൊണ്ട് ഭൂമിയെ 4 തവണ ചുറ്റി ബഹിരാകാശ നിലയവുമായി കൂടിച്ചേരും. നേരത്തെ  ഇത് 1-2 ദിവസങ്ങളിലായി മാനുവൽ ഡോക്കിങ്ങിൽ ആയിരുന്നു ചെയ്തിരുന്നത്. അത് കുറച്ച് അപകടകരമായിരുന്നു. അങ്ങനെ ഡോക്ക് ചെയ്ത് വച്ചിരിക്കുന്ന സോയൂസിൽ നിന്നും ആഹരവും മറ്റും സ്‌പേസ് സ്റ്റേഷനിലേക്ക് മാറ്റുന്നു. സഞ്ചാരികളും പോകുന്നു.  

സ്‌പേസ് സ്റ്റേഷൻ ഉണ്ടാക്കിയിരിക്കുന്നത് പല രാജ്യങ്ങളുടെയും സ്‌പേസ് മൊഡ്യൂളുകൾ ചേർത്താണെന്ന്‍ പറഞ്ഞുവല്ലോ. ഈ മൊഡ്യൂളുകൾ ഒരു പ്രത്യേക രീതിയിൽ ആണ് ഘടിപ്പിച്ചിരിക്കുന്നത്. നമ്മടെ ട്രെയിനിലെ ബോഗികൾ തമ്മിൽ ഘടിപ്പിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ. ഒരു ബോഗിയിൽ നിന്നും പുറത്തിറങ്ങാതെ ട്രെയിനിന്‍റെ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ നമുക്ക് സഞ്ചരിക്കാവുന്ന രീതിയിൽ. അതേപോലെ എല്ലാ മൊഡ്യൂളുകളും തമ്മിൽ ഉള്ളിലൂടെ അവർക്കു സഞ്ചരിക്കാം. ഇടുങ്ങിയ വഴി ആയിരിക്കും എന്ന് മാത്രം. പുതുതായി അവിടെ എത്തുന്ന സോയൂസും അങ്ങനെ ആണ് സ്‌പേസ് സ്റ്റേഷനോട് ഘടിപ്പിക്കുന്നത്. 

സ്‌പേസ് സ്റ്റേഷനിലെ 6 പേരെയും 3 ആളുകൾ വീതമുള്ള 2 ഗ്രൂപ്പ് ആക്കി തിരിച്ചിട്ടുണ്ട്. ആ 3 പേർ ഒരു പ്രാവശ്യമായി പോയതായിരിക്കും.  ഓരോ 3 മാസം കൂടുമ്പോഴും ഓരോ സോയൂസ് അവിടെ എത്തും. എപ്പോഴും 2 സോയൂസ് അവിടെ ഉണ്ടായിരിക്കും. മൂന്നാമത്തെ സോയൂസ് എത്തുമ്പോഴേക്കും 9 പേർ ആവും. അപ്പോൾ ആദ്യം പോയ 3 പേർ സോയൂസിൽ മടങ്ങിപ്പോരും.



ചിത്രം നോക്കിക്കേ, അതിൽ ആ പേടകത്തിന്‍റെ നടുക്ക് കാണുന്ന ചുവന്ന ബോക്സ്  ഭാഗം ആണ് റീ എൻട്രി മൊഡ്യൂൾ. അതിൽ ആണ് മടങ്ങി വരേണ്ട ആളുകൾ ഇരിക്കുക. അത്യാവശ്യം 3 പേർക്ക് ചുരുങ്ങിക്കൂടി ഇരിക്കാൻ മാത്രമേ  അതിൽ സ്ഥലം ഉള്ളൂ. ബാക്കി ഭാഗം എല്ലാം പാരച്യൂട്ടും ആഘാതം തടയുവാനുള്ള ഫിറ്റിംഗ്സും മറ്റുമാണ്.

സോയൂസിൽ റീ എൻട്രി ഓട്ടോമാറ്റിക്ക് ആയി നടക്കും. ഭൂമിയിലെ കൺട്രോൾ സ്റ്റേഷന്‍റെ ആവശ്യം  ഒന്നും അതിനില്ല. 3 തരം റീ എൻട്രി സെറ്റിംഗ്സ് അതിൽ ഉണ്ട്.nominal, early & emergency . അതിൽ ഒന്ന് സെലക്ട് ചെയ്‌താൽ മാത്രം മതി. അതുപോലെ ഭൂമിയിൽ എവിടെ ആണ് ലാൻഡ് ചെയ്യേണ്ടതെന്നും തിരഞ്ഞെടുക്കാം. സാധാരണ അത് ബൈക്കന്നൂരിൽ ആണ് ഇറങ്ങുക. വേണമെങ്കിൽ മറ്റു സ്ഥലങ്ങളായ ഉക്രെയിനോ ഹംഗറി യോ ഫ്രാൻസോ കാനഡയോ അല്ലെങ്കിൽ അമേരിക്കയോ സെലക്ട് ചെയ്യാം. എന്തായാലും ഇന്ത്യ അതിൽ ഇല്ല.

ക്ലാമ്പ് വലിഞ്ഞാൽ പിന്നെ അതിനിടയിലെ സ്പ്രിങ്ങിന്‍റെ തള്ളലിൽ സെക്കന്‍റില്‍ 10 സെന്റിമീറ്റർ എന്ന വേഗത്തിൽ സോയൂസ് സ്‌പേസ് സ്റ്റേഷനിൽ നിന്ന് അകലുവാൻ തുടങ്ങും. 3 മിനിറ്റു കഴിയുമ്പോൾ അവ തമ്മിൽ 18 മീറ്റർ ദൂരം ആയിട്ടുണ്ടാവും. അപ്പോൾ സോയൂസിൽ നിന്നും ഒരു 0.5 m/s ബേൺ ഉണ്ടാക്കും. അങ്ങനെ അവ തമ്മിൽ വീണ്ടും വേഗം അകന്നു പോകും. 9 മിനിട്ട് കഴിയുമ്പോൾ വീണ്ടും ഒരു ജെറ്റ് ബേൺ കൂടെ നടക്കും. അങ്ങനെ  സോയൂസ് ബഹിരാകാശ നിലയത്തിൽ നിന്നും 500 മീറ്റർ ദൂരെ ആവും. സോയൂസ് ഭൂമിയെ  1 വട്ടം ചുറ്റും. അതിനുശേഷം  എവിടെ ആണ് ഇറങ്ങേണ്ടത് എന്ന് സെറ്റ് ചെയ്തിരിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ സോയൂസ് തനിയെ പ്രവർത്തിച്ചുകൊള്ളും. 

രാജു : അപ്പോൾ ആദ്യം 2   ബേൺ ചെയ്‌തത്‌ നമ്മളാണോ ?

മാഷ് : അല്ല. അതും സോയൂസ് തനിയെ ചെയ്യുന്നതാണ്. നമ്മൾ ഇറങ്ങേണ്ട സ്ഥലവും പിന്നെ nominal, early & emergency എന്നിവയിൽ ഒന്ന് സെലക്റ്റ് ചെയ്‌താൽ മാത്രം മതി.

ഓർബിറ്റിൽ നിന്നും രക്ഷപ്പെടാനുള്ള ബേൺ ഏതാണ്ട് 252 സെക്കന്‍റ് ഉണ്ടാവും. അങ്ങനെ വേഗത ഏതാണ്ട് 120 m/s. കുറയും. അങ്ങനെ  കുറഞ്ഞാൽ മാത്രമേ ഭൂമിയുടെ അന്തരീക്ഷവുമായി മൊഡ്യൂൾ അടുക്കുകയുള്ളൂ. 20 മിനിറ്റ് കഴിയുമ്പോൾ  സോയൂസ് 3 ആയി വേർതിരിയും. അതിൽ നടുക്കത്തെ ഭാഗം ആണ് റീ എൻട്രി മൊഡ്യൂൾ.

അടുത്തപടി അന്തരീക്ഷത്തിലേക്ക് കടക്കൽ ആണ്.അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം മൂലം  മോഡ്യൂളിന്‍റെ വേഗത പെട്ടന്ന് കുറയുന്നു. മോഡ്യൂളിന് പുറത്തെ ഭാഗം ചൂടിൽ ചുട്ടുപഴുക്കുന്നു. എന്നാൽ അകത്തേക്ക് ചൂട് കടക്കാതിരിക്കാനുള്ള എല്ലാ സംവിധാങ്ങളും റീ എൻട്രി മോഡ്യൂളുകളിൽ ഉണ്ടായിരിക്കും. ആ സമയത്തു മോഡ്യൂളിന്‍റെ പെർഫോമൻസ് അകത്തിരിക്കുന്നവർക്കു ജി-ഫോഴ്സും മറ്റും അറിയുവാനുള്ള കൺട്രോൾ പാനൽ ഉണ്ട്. വേണമെങ്കിൽ മാനുവൽ ആയി കുറച്ചുകൂടെ കാര്യകക്ഷമമായി  പ്രവർത്തിപ്പിക്കണം എങ്കിൽ അതും ആവാം.

അങ്ങനെ കട്ടിയുള്ള വായു എത്തിയാൽ ആദ്യം വേഗത കുറയ്ക്കുവാനും, മൊഡ്യൂൾ സ്റ്റെഡി ആക്കുവാനും ഉള്ള drogue chutes തുറക്കും. പിന്നാലെ പ്രധാന പാരച്യൂട്ടും തുറക്കും. അവസാനം തറയിൽ മുട്ടുവാൻ മീറ്ററുകൾ മാത്രമുള്ളപ്പോൾ താഴോട്ട് ഒരു ത്രസ്റ്റ് ബേൺ കൂടെ കൊടുക്കുന്നു, മൊഡ്യൂൾ തറയിൽ ലാൻഡ് ആവുന്നു. ശുഭം.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment