തീയിൽ നടക്കാമോ ?

തീയിൽ നടന്നാൽ പൊള്ളും. എന്നാൽ തീക്കനലിൽ നമുക്ക് ചെരുപ്പിടാതെ നടക്കാം. നമ്മുടെ നാട്ടിലൊക്കെ ഇത് ദൈവത്തിന്‍റെ പേരിലും പിന്നെ ആത്മീയതയുടെ പേരിലുമൊക്കെയാണ് ഈ തീക്കനൽ നടത്തം കാണാറുള്ളത്.


സത്യത്തിൽ എന്താണ് ഇതിനു പിന്നിലുള്ള ശാസ്ത്രം എന്ന് നോക്കാം.

ഒരു ചെറിയ ഉദാഹരണത്തിൽ നിന്നും തുടങ്ങാം…


ഒരു പ്ലാസ്റ്റിക് ഗ്ലാസും ഒരു സ്റ്റീൽ ഗ്ലാസും 2-3 മണിക്കൂർ ഫ്രിഡ്ജിന്‍റെ ഫ്രീസറിൽ വെക്കുക. എന്നിട്ട് 2 ഉം കൈയ്യിൽ എടുത്തു നോക്കുക. 2 നും ഒരേ തണുപ്പ് ( താപനില ) ആണെങ്കിലും പ്ലാസ്റ്റിക് ഗ്ലാസിന് തണുപ്പ് അധികം തോന്നില്ല. എന്താണ് കാരണം ?? പ്ലാസ്റ്റിക്കിന്‍റെ പുറമേയുള്ള തണുപ്പ് മാത്രമേ നമ്മുടെ കൈയ്യിൽ പ്രവേശിക്കുന്നുള്ളൂ. എന്നാൽ സ്റ്റീലിന്‍റെ ഉൾഭാഗത്തെ തണുപ്പ് പുറമേയ്ക്ക് വന്നുകൊണ്ടേ ഇരിക്കും. അതുകൊണ്ട് സ്റ്റീലിന് തണുപ്പ് കൂടുതൽ എന്ന് തോന്നും. എന്ന് വച്ചാൽ… സ്റ്റീൽ ഒരു നല്ല താപ ചാലകം ( thermal conductor ) ആണ്. എന്നാൽ പ്ലാസ്റ്റിക്, മരം, റബ്ബർ മുതലായവ ഒരു നല്ല താപ ചാലകം അല്ല.

തീ അണച്ചതിന് ശേഷം ഉള്ള കനലും ഇതുപോലെ ആണ്. ഏറ്റവും പുറം ഭാഗത്തുള്ള ചൂട് മാത്രമേ കാലിൽ ഏൽക്കൂ… തീക്കനലിൽ അധികം സമയം നില്‍ക്കാതെ വേഗം വേഗം കാൽ മാറ്റി മാറ്റി ചവിട്ടിയാൽ കാൽ പൊള്ളില്ല. കാരണം .. കനലിന്‍റെ പുറം ഭാഗത്തെ ചൂടു മാത്രമേ കാലിൽ മുട്ടുന്നുള്ളൂ. കൂടാതെ കനലിന് മുകളിൽ ഒരു നിര ചാരം കൂടെ മിക്കവാറും ഉണ്ടായിരിക്കും. ഈ ചാരവും ഒരു താപ ചാലകം അല്ല.

അപ്പോൾ ഇതുപോലെ കനലിൽ നടക്കുന്നവരിൽ ചിലർക്ക് ചെറുതായെങ്കിലും പൊള്ളലേൽക്കാറില്ലേ എന്ന് ചിലർ ചോദിക്കാം. ശരിയാണ് . ചിലർക്ക് പൊള്ളൽ ഏൽക്കാറുണ്ട്. അതെന്തുകൊണ്ടാണെന്നു നോക്കാം.

തീക്കനലിൽ നടക്കുമ്പോൾ കാൽ വേഗം മാറ്റി മാറ്റി നടക്കണം എന്ന് പറഞ്ഞുവല്ലോ. ഇങ്ങനെ നടക്കുമ്പോൾ കനൽ നമ്മുടെ വിരലുകൾക്കിടയ്ക്ക് കുരുങ്ങിപ്പോകാറുണ്ട്. അതുകൊണ്ട് വിരലുകള വിടര്‍ത്തിയും ചുരുക്കിയും കനൽ കുരുങ്ങാതെ ശ്രദ്ധിക്കണം. കൂടാതെ കനലിന് കൂടെ ഉരുകിയ പ്ലാസ്റ്റിക്കോ, ലോഹ പദാർതങ്ങളോ ഉണ്ടാവാം. അതും ശ്രദ്ധിക്കണം. കൂടാതെ കാൽപ്പാദം മാത്രം കനലിൽ മുട്ടുവാൻ പാടുള്ളൂ. പാദത്തിന് മുകളിലുള്ള സാധാരണ തൊലിയിൽ കനൽ നേരിട്ടു മുട്ടതിരിക്കാനും ശ്രദ്ധിക്കണം.

ഇത്രയും പറഞ്ഞതുകൊണ്ടു ആരും തീക്കനൽ ഉണ്ടാക്കി അതിൽ നടക്കാൻ ശ്രമിക്കണ്ട. എന്നാലും കനൽ നടത്തം എന്ന് കേൾക്കുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെ അതിന്‍റെ പിന്നിലുള്ള ശാസ്ത്രം എനിക്കറിയാം എന്ന് ഓർത്താൽ മതി.

ഒരു അവസരം കിട്ടിയാൽ ചെയ്യാൻ മടിക്കരുത്. അത് നിങ്ങൾക്കു തരുന്ന സെല്‍ഫ്‌ കോണ്‍ഫിഡൻസ് വളരെ വലുതാകും !!
പക്ഷെ ഇത് മറക്കരുത് :
വിരലുകൾക്കിടയ്ക്ക് കനൽ കുരുങ്ങി ഇരിക്കാതെ ശ്രദ്ധിക്കണം.
ഉരുകിയ റബ്ബറോ, പ്ലാസ്റ്റിക്കോ, ലോഹത്തിന്‍റെ ഭാഗങ്ങളിലോ കാൽ ചവിട്ടരുത്.
കാല്‍പ്പാദത്തിന് മുകളിലെ തൊലി കനലിൽ മുട്ടാതെ ശ്രദ്ധിക്കണം.

WALK LIKE A HERO ! FEEL LIKE A HERO !!


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment