ചന്ദ്രനിലെയും ഭൂമിയിലെയും അന്തരീക്ഷം തമ്മിൽ പ്രധാന വ്യത്യാസം എന്താണ് ?

രാജു : ചന്ദ്രനിലെയും ഭൂമിയിലെയും അന്തരീക്ഷം തമ്മിൽ പ്രധാന വ്യത്യാസം എന്താണ് മാഷേ ?

മാഷ് : ചന്ദ്രനിൽ വായു ഇല്ല. അതുകൊണ്ടുതന്നെ മേഘം ഇല്ല. പൊടിപടലങ്ങളും ഇല്ല. നമ്മൾ അവിടത്തെ മണ്ണ് കോരി മേലേക്ക് എറിഞ്ഞാലും ആ മണ്ണ് ഇരുമ്പു തരി കണക്കെ താഴേക്കു പതിക്കും. പറന്നു നടക്കില്ല. അവിടെ ഗുരുത്വാഘർഷണം കുറവായതിനാൽ താഴേക്കു വീഴുന്ന വേഗത കുറവായിരിക്കും എന്ന് മാത്രം.


മീര : അപ്പോൾ അവിടത്തെ ആകാശം എന്ത് നിറം ആയിരിക്കും ബൈജുമാഷേ ?

മാഷ് : വായുവോ മറ്റു വസ്തുക്കളോ പ്രകാശത്തെ പ്രതിഫലിപ്പിക്കുവാനോ അപവർത്തനം ചെയ്യിക്കുവാനോ ചന്ദ്രനിൽ ഇല്ലാത്തതിനാൽ ചന്ദ്രനിലെ ആകാശത്തിന് നിറം ഒന്നും ഉണ്ടാവില്ല. അതിനാൽ നമ്മുടെ രാത്രി ആകാശംപോലെ പ്രകാശം ഇല്ലാതെ കറുത്തിരിക്കും. നക്ഷത്രങ്ങളുടെയും സൂര്യന്‍റെയും ഭൂമിയുടെയും പ്രകാശം മാത്രമേ ആകാശത്ത്‌ കാണൂ. ബാക്കി ഒക്കെ കറുത്തിരിക്കും.

സുജിത്ത് : പകലും ആകാശം കറുത്തിരിക്കുമോ ?

മാഷ് : അതെ. ചന്ദ്രനിലെ ആകാശം പകലും രാത്രിയും കറുത്തിരിക്കും. ചന്ദ്രനിലെ പകൽ വെട്ടത്തിലെ എനിക്കിഷ്ടപ്പെട്ട ഒരു കാര്യം എന്തെന്നോ.. അവിടെ ദൂരേക്ക് നോക്കിയാൽ ... ദൂരെ ഉള്ള മലകൾ കണ്ടാൽ... അവ അടുത്തു നിൽക്കുന്നതായേ തോന്നൂ. കാരണം അവിടെ അന്തരീക്ഷത്തിൽ പ്രകാശത്തെ തടുക്കുവാനോ പ്രതിഫലിപ്പിക്കുവാനോ ഈർപ്പമോ പൊടിയോ ഒന്നും തന്നെ ഇല്ല എന്നതുതന്നെ. അതുകൊണ്ട് ദൂരെ ഉള്ള എന്തും വളരെ വ്യക്തമായി നമുക്ക് കാണാം. ഭൂമിയിലാണെങ്കിൽ ദൂരെ ഉള്ള വസ്തുക്കൾ മങ്ങി ഇരിക്കും. ദൂരം കൂടുംതോറും മങ്ങലും കൂടും. വളരെ ദൂരെ ഉള്ള വസ്തുക്കൾ നമുക്ക് കാണാൻ പറ്റാത്തത്ര മങ്ങിയിരിക്കും. 

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment