സൂര്യഗ്രഹണം നോക്കിയാൽ എന്തുകൊണ്ടാണ് കണ്ണ് പോകും എന്ന് പറയുന്നത് ?

പൂർണമായ സൂര്യഗ്രഹണം കണ്ണുകൊണ്ട് നോക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല. ഒരുപക്ഷെ നമുക്ക് കാണാൻ കഴിയുന്നതിൽ ഏറ്റവും മനോഹരമായ ഒരു പ്രകൃതി ദൃശ്യം ആയിരിക്കും അത്. കറുത്ത ചന്ദ്രന് ചുറ്റും തീകൊണ്ടുള്ള തേജോവലയം. തികച്ചും മാസ്മരികമായ കാഴ്ചയാണത്.പക്ഷെ എവിടെയാണ് ചതിക്കുഴി ? 
പകൽ നേരിട്ട് സൂര്യനെ നോക്കുവാൻ നമുക്ക് കഴിയില്ല. കാരണം അത്യുഗ്രമായ പ്രകാശത്തിൽ നമുടെ കണ്ണ് ചിമ്മിപ്പോകും. ഇനി നേരിട്ട് നോക്കുവാൻ ശ്രമിച്ചാലും നമ്മുടെ കണ്ണിന്‍റെ കൃഷ്ണമണി ചുരുങ്ങി വെളിച്ചത്തെ അകത്തേക്ക് അധികം കടത്തി വിടില്ല. കൃഷ്ണമണി പ്രകാശത്തിന്‍റെ തീവ്രത കൂടുമ്പോൾ ചുരുങ്ങുകയും, പ്രകാശത്തിന്‍റെ തീവ്രത കുറയുമ്പോൾ വലുതാവുകയും ചെയ്യുന്നു. ഇരുട്ടത്ത് പ്രകാശത്തെ കൂടുതൽ കണ്ണിലേക്ക് കടത്തി വിടുവാനായാണ് കൃഷ്ണമണി വലുതാവുക. കൃഷ്ണമണിയും അതുപോലെ റെറ്റിനയിലെ കോശങ്ങളും ചേർന്ന് ചുരുങ്ങാനും വലുതാവാനും 5 മുതൽ 10 മിനിറ്റ് വരെ എടുക്കും. പകൽ സമയം സിനിമാ തീയേറ്ററിൽ കയറുമ്പോൾ കുറച്ചു നേരം ഒന്നും കാണാതെ തപ്പിത്തടയുന്നത് പലർക്കും അനുഭവമുള്ളതാണല്ലോ. അതുപോലെ പാതിരാത്രി നല്ല ഇരുട്ടത്ത് മുറിയിലെ ലൈറ്റ് ഇട്ടാൽ നമുക്ക് തീവ്രമായ പ്രകാശം ഉള്ളതുപോലെ തോന്നുന്നതും കൃഷ്ണമണിയുടെ ഈ പ്രവർത്തനം കൊണ്ടാണ്.

രാവിലെയും വൈകീട്ടും സൂര്യ രശ്മികൾ അന്തരീക്ഷത്തിലൂടെ കൂടുതൽ സഞ്ചരിച്ചാണ് നമ്മുടെ അടുത്ത് എത്തുന്നത്. അപ്പോൾ തീവ്രത കൂടിയ പ്രകാശങ്ങൾ ( അൾട്രാ വയലറ്റ് ) പൊടിപടലങ്ങളിലും വായുവിലും ഒക്കെ തട്ടി ഇല്ലാതാവുന്നു. എന്നാൽ ശക്തി കുറഞ്ഞ പ്രകാശ രശമികൾ ( തരംഗ ദൈര്‍ഘ്യം കൂടിയ ഇന്‍ഫ്രാ റെഡും മറ്റും ) നമ്മുടെ അടുത്ത്‌ എത്തുന്നു. ശകതി കുറഞ്ഞ പ്രകാശത്തെ കണ്ണുകൊണ്ട് നമുക്ക് നോക്കാം. കുഴപ്പം ഒന്നും ഇല്ല. എന്നാൽ നട്ടുച്ചയ്ക്ക് സൂര്യനിൽ നിന്നും നമ്മുടെ അടുത്ത്‌ എത്തുന്ന പ്രകാശം വായുവിലൂടെ വളരെ കുറച്ചു ദൂരമേ സഞ്ചരിക്കുന്നുള്ളു. കുത്തനെ വരുന്നത് കൊണ്ടാണിത്. ആ സമയത്ത്‌  ശക്തി കൂടിയ അൾട്രാ വയലറ്റ് കിരണങ്ങൾ നശിക്കാതെ ധാരാളമായി നമ്മുടെ അടുത്ത് എത്തുന്നു. ഇത് നേരിട്ട് നോക്കിയാൽ കണ്ണ് പോകും എന്നതിൽ സംശയമില്ല.

എന്നാൽ നേരത്തേ പറഞ്ഞപോലെ പ്രകാശത്തെ കുറയ്ക്കുവാനായി നമ്മുടെ കണ്ണിന്‍റെ മെക്കാനിസം താനേ കൃഷ്ണമണിയെ ചെറുതാക്കുന്നു. എന്നാൽ പൂർണ സൂര്യഗ്രഹണ സമയത്ത് ചുറ്റും കുറച്ച് നേരം ഇരുട്ടാവുന്നു. ഇരുട്ടത്ത് കൂടുതൽ പ്രകാശത്തെ കടത്തി വിടാനായി കൃഷ്ണമണി വലുതാവുന്നു. അങ്ങനെ സൂര്യഗ്രഹണത്തിന്‍റെ ഭംഗി കണ്ണ് തുറപ്പിച്ച് നോക്കി നില്‍ക്കുമ്പോഴാണ് സൂര്യൻ ചന്ദ്രന്‍റെ മറ നീക്കി കുറച്ചു ഭാഗം പെട്ടെന്ന്‍ പുറത്തു വരിക. ആ ഒരു സെക്കന്‍റില്‍ കണ്ണിൽ വീഴുന്നത് ഏതാനും രശ്മികൾ ആണെങ്കിൽപ്പോലും അതിന് സൂര്യന്‍റെ യഥാര്‍ത്ഥ തീവ്രത ഉണ്ടായിരിക്കും. ' ഗോളി ഇല്ലാത്ത ഗോൾ പോസ്റ്റിൽ ഗോൾ അടിക്കുന്നപോലെ ' സൂര്യ രശ്മി വിടർന്നിരിക്കുന്ന കൃഷ്ണമണിയിലൂടെ കണ്ണിലെ റെറ്റിനയിൽ കൂടുതൽ പതിക്കും. പ്രകാശം വീണ ഭാഗത്തെ കോശങ്ങൾ കരിഞ്ഞു പോകും.

സൂര്യഗ്രഹണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സൂര്യ രശ്മിയുടെ തീവ്രത ഒന്നുതന്നെ ആണ്. ചതിക്കുഴി എവിടെ എന്ന് ചോദിച്ചാൽ നമ്മുടെ കൃഷ്ണമണിയുടെ മെക്കാനിസവും സൂര്യന്‍റെ പ്രത്യക്ഷപ്പെടലും. 

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment