സൂര്യനെ ഭൂമി ചുറ്റുന്നു, ഭൂമിയെ ചന്ദ്രൻ ചുറ്റുന്നു, ചന്ദ്രനെ എന്താ ഒന്നും ചുറ്റാത്തത് ?

നമ്മുടെ സൗരയൂഥത്തിൽ ചന്ദ്രനെ കൂടാതെ ഏതാണ്ട് 150 ഓളം ചന്ദ്രന്മാർ ( ഉപഗ്രഹങ്ങൾ ) ഉണ്ട്. എന്നാൽ അതിലെ ഒന്നിന് പോലും മറ്റൊരു സ്വാഭാവിക ഉപഗ്രഹം  ഇല്ല. എന്തായിരിക്കും അതിനു കാരണം.

കാരണം വളരെ ലളിതമാണ്. ഉപഗ്രഹങ്ങളെ ചുറ്റുന്ന ഉപഗ്രഹങ്ങൾക്ക് സ്റ്റെബിലിറ്റി ഇല്ല എന്നതാണ്. സൂര്യന് കൂടുതൽ ഗ്രാവിറ്റി ഉള്ളത് കാരണമാണ് ഭൂമി സൂര്യനെ ചുറ്റുന്നത്. അതുപോലെ ഭൂമിക്കും നന്നായി ഗ്രാവിറ്റി ഉണ്ട്. അതുകൊണ്ട് ചന്ദ്രനും ഭൂമിയെ ചുറ്റുന്നു. ഇനി ചന്ദ്രനും അത്യാവശ്യം ഗ്രാവിറ്റി ഉണ്ട്. അതുകൊണ്ട് ചന്ദ്രനേയും ഒരു വസ്തുവിന് ചുറ്റാം. പക്ഷെ ഭൂമിയുടെയും സൂര്യന്‍റെയും ഗ്രാവിറ്റി ആ വസ്തുവിനെ അതിന്‍റെ സ്ഥാനത്തിനനുസരിച്ച് വലിക്കുകയോ തള്ളുകയോ ചെയ്തുകൊണ്ടിരിക്കും. അങ്ങനെ അത് ചന്ദ്രനിലേക്ക് വീഴുകയോ അല്ലെങ്കിൽ ചന്ദ്രനെ വിട്ടു ഭൂമിയെ ഓർബിറ്റ് ചെയ്യുകയോ ചെയ്യും.

നാസയുടെ  Reconnaissance Orbiter (LRO) എന്നൊരു കൃത്രിമ ഉപഗ്രഹം ഇപ്പോൾ ചന്ദ്രനെ ചുറ്റുന്നുണ്ട്. അതിന്‍റെ ഓർബിറ്റ് നമ്മൾ ഇടയ്ക്കിടയ്ക്ക് നേരെ ആക്കിയില്ലെങ്കിൽ അത് ചന്ദ്രനിൽ വീണ് തകരും.

എന്തായാലും ചന്ദ്രന് ഒരു ഉപഗ്രഹം ഉണ്ടായിരുന്നു എങ്കിൽ കുട്ടികളെ മാമൂട്ടിക്കുവാനും ആളുകൾക്ക് അതിന്‍റെ സ്ഥാനം ഇപ്പോൾ എവിടെ ആയിരിക്കും എന്നൊക്കെ  ഊഹിച്ച് പന്തയം വെക്കുവാനും ശാസ്ത്രലോകത്തിന് ചർച്ച  ചെയ്യുവാനും ഒക്കെ ഉള്ള അത്ഭുത വസ്തു ആകുമായിരുന്നു.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment