എന്തുകൊണ്ടാണ് യാത്രാ വിമാനങ്ങൾ ഇത്ര അധികം ഉയരത്തിൽ പറക്കുന്നത് ?

ദീർഘദൂര യാത്രാവിമാനങ്ങൾ ഏതാണ്ട് 9 മുതൽ 13 കിലോമീറ്റർ ഉയരത്തിൽ ആണ് അധിക സമയവും പറക്കുക. ' Cruising Altitude " എന്നാണ് ആ ഉയരത്തെ പറയുക. കടല്‍ നിരപ്പിൽനിന്നും മുകളിലേക്ക് പോകുമ്പോൾ വായു തന്മാത്രകൾ കുറഞ്ഞു വരുന്നു. വായുതന്മാത്രകൾ കുറഞ്ഞാൽ വായു മൂലമുള്ള പ്രതിരോധവും കുറയുന്നു. പ്രതിരോധം കുറഞ്ഞാൽ വിമാനത്തിന് ഇന്ധനം കുറച്ചു ഉപയോഗിച്ചാൽ മതി ( ഇന്ധനം ലാഭം ).



വായു കുറവായതിനാൽ മണിക്കൂറിൽ  700 മുതൽ 900 കിലോമീറ്റർ വേഗതയിൽ വിമാനത്തിന് സുഖമായി സഞ്ചരിക്കാം. താഴ്ന്ന ഉയരത്തിൽ ഇത്ര വേഗം പറ്റില്ല ( സ്പീഡ് കൂടുതൽ ).

താഴ്ന്ന ഉയരത്തിൽ കാറ്റും കോളും ( എയർ പോക്കറ്റുകൾ ) കൂടുതലായിരിക്കും. അതിലൂടെ വിമാനം പോകുമ്പോൾ കുലുക്കം അനുഭവപ്പെടും. ഉയരത്തിൽ കുലുക്കം കുറവായിരിക്കും ( സുഖ യാത്ര ).

കൂടിയ ഉയരത്തിൽ പോകുമ്പോൾ വിമാനത്തിന് എന്തെങ്കിലും കുഴപ്പം നേരിട്ടാൽ തീരുമാനം എടുക്കാനും പ്രവർത്തിക്കാനും കൂടുതൽ സമയം ലഭിക്കും ( സുരക്ഷിതം ).

കൂടുതൽ ഉയരത്തിൽ വിമാനം പറപ്പിച്ചാൽ ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ട്. അപ്പോൾ വിമാനം ഇനിയും ഉയരത്തിൽ പറപ്പിക്കുവാൻ സാധിക്കുമോ ? ഇല്ല. യാത്രാവിമാനങ്ങൾ Cruising Altitude ഇത് പറക്കുവാൻ ഡിസൈൻ ചെയ്തതാണ്. ഇതില്‍ കൂടുതല്‍ ഉയരത്തിൽ പോയാൽ വിമാനത്തെ താങ്ങി നിർത്തുവാനുള്ള വായുമർദം ഉണ്ടാവില്ല. കൂടാതെ വായുവിലുള്ള ഓക്സിജൻ കൂടെ ഇന്ധനത്തിനൊപ്പം കത്തിച്ചാണ് വിമാനത്തിന്‍റെ ജെറ്റ് എൻജിൻ പ്രവർത്തിക്കുന്നത്. അതുകൊണ്ട് വായു പ്രതിരോധം കുറയ്ക്കുവാൻ ആവശ്യത്തിന് ഉയരത്തിലും എന്നാൽ വിമാനത്തെ താങ്ങി നിർത്തുവാൻ ആവശ്യത്തിന് വായുമർദവുമുള്ള ഉയരവുമായ 9 മുതൽ 13 കിലോമീറ്റർ ഉയരത്തിൽ ആണ് അധിക സമയവും വിമാനം പറക്കുക.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment