എന്തിനാണ് ഹെലിക്കോപ്ടറിന് ഒരു പങ്കയും ഡ്രോണിന് 4 പങ്കയും ?

രാജു : എന്തിനാണ് ഹെലിക്കോപ്ടറിന് ഒരു പങ്കയും ഡ്രോണിന് 4 പങ്കയും ഉള്ളത് മാഷേ ?
മാഷ് : ഹെലിക്കോപ്റ്ററിന് 1 പങ്ക അല്ല. 2 പങ്കകൾ ഉണ്ടായിരിക്കും.
നന്ദ : ഓ.. ഒരു മെയിൻ പങ്കയും പിന്നിലായി കൊച്ചു പങ്കയും. അല്ലെ..
സൂരജ് : അതെന്തിനാ പിന്നിലത്തെ കൊച്ചു പങ്ക ?

മാഷ് : പറയാം. പക്ഷെ അതിനു മുൻപ് ഒരു ചോദ്യം. നമ്മുടെ സീലിംഗ് ഫാൻ നിലത്തു വച്ചിട്ട് സ്വിച് ഓൺ ആക്കിയാൽ എന്ത് സംഭവിക്കും ? ഫാൻ അവിടെ ഇരിക്കും പക്ഷെ ഫാൻ കറങ്ങുന്നതിനു പകരം ഫാനിന്‍റെ മുകളിലെ പൈപ്പ് കറങ്ങുവാൻ തുടങ്ങും. ഇനി ഫാൻ നിലം തൊടുവിക്കാതെ തൂക്കി ഇട്ട് ഓൺ ആക്കിയാൽ പങ്ക ഒരു ദിശയിലും, പൈപ്പ് എതിർ ദിശയിലും കറങ്ങുന്നതു കാണാം.

ഹെലികോപ്ടർ ഒരു വലിയ മോട്ടോർ ഫാൻ പോലെ ആണ്. പ്രവർത്തിപ്പിച്ചാൽ പങ്ക ഒരു ദിശയിലേക്കും അതെ സമയം ഹെലികോപറ്റർ ബോഡി എതിർ ദിശയിലേക്കും കറങ്ങുവാൻ തുടങ്ങും. അങ്ങനെ ഹെലികോപ്ടർ സ്വയം കറങ്ങാതിരിക്കുവാൻ ആണ് അതിന്‍റെ പിന്നിലായി വാലിൽ ഒരു പങ്ക സൈഡിലേക്ക് തിരിച്ചു കൊടുത്തിരിക്കുന്നത്. ആ പങ്കയുടെ സൈഡിലേക്കുള്ള കറക്കത്തിന്‍റെ തള്ളലിൽ ആണ് ഹെലിക്കോപ്ടറിന്‍റെ ബോഡിയുടെ കറക്കം ക്യാൻസൽ ആവുന്നത്.

സൂരജ് : പിന്നിൽ പങ്ക ഇല്ലാത്ത കോപ്ടറും ഉണ്ടല്ലോ മാഷേ

മാഷ് : പിന്നിൽ വാലിലായി പങ്ക ഇല്ലാത്ത ഹെലിക്കോപ്റ്ററും ഉണ്ട്. പക്ഷെ അവയ്ക്കു മുകളിലായി 2 പങ്കകൾ കാണും. ചിലതിൽ ഒരു ആക്സിസിൽ തന്നെ 2 പങ്കകൾ 2 ദിശയിലായി തിരിയും. അല്ലെങ്കിൽ മുന്നിലും പിന്നിലുമായി 2 പങ്കകൾ ഉണ്ടാവും. അല്ലെങ്കിൽ നേരത്തെ പറഞ്ഞപോലെ ഹെലിക്കോപ്റ്റർ പങ്കയുടെ എതിർ ദിശയിൽ തിരിയും. നമ്മളുടെ സീലിംഗ് ഫാനിന്‍റെ ബോഡി തിരിയാതിരിക്കുന്നത് അത് സീലിങ്ങിൽ ഉറപ്പിച്ച് തൂക്കി ഇട്ടിരിക്കുന്നതിനാൽ ആണ്. ഹെലികോപ്ടർ അങ്ങനെ ഒരിടത്ത്‌ വച്ചിരിക്കുത് അല്ലല്ലോ..അതുകൊണ്ടാണ് 2 പങ്കകൾ.

രാജു : ഡ്രോണിന് 4 പങ്കകൾ ഉള്ളത് എന്തിനാ മാഷേ ?

മാഷ് : ഹെലിക്കോപ്ടറിന്‍റെ ഒരു മെയിൻ പങ്കയ്ക്ക് പകരമാണ് ഡ്രോണിന് 4 പങ്കകൾ. ആ 4 പങ്കകളും പല സ്പീഡിൽ കറക്കി ആണ് ദിശയും ഉയരവും നിയന്ത്രിക്കുന്നത്. ഡ്രോണിന്‍റെ പോലെ 4 പങ്കയുള്ള ഹെലിക്കോപ്പറുകൾ പണ്ട് ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അന്ന് അത് നിയന്ത്രിക്കുവാനുള്ള മെക്കാനിക്കൽ കോർഡിനേഷൻ സംവിധാനം വളരെ വിഷമം പിടിച്ചതായിരുന്നു. എന്നാൽ ഇന്ന് ചെറിയ മൈക്രോ പ്രോസസ്സുകൾ ആ ജോലി ഈസിയായി ചെയ്യുന്നു.

ഹെലിക്കോപ്ടറിന്‍റെ പങ്കകൾ വലുതാണ്. വലിയ പങ്കകൾക്ക് കൂടിയ momentum ഉണ്ടാവും. ചെറിയ പങ്കകൾ എളുപ്പം നിർത്താം. അതുകൊണ്ട് ഡ്രോണിൽ ചെറുതാണ് സൗകര്യം. സുരക്ഷിതവും. വലിയ പങ്ക മെല്ലെ കറക്കിയാലും അതിന് കൂടുതൽ വായുവിനെ തള്ളിനീക്കുവാൻ സാധിക്കും. ചെറിയ പങ്കകൾ വേഗത്തിൽ കറക്കുന്നതിനേക്കാൾ കൂടുതൽ എനർജി എഫിഷ്യന്‍റ് ആണ് വലിയ പങ്കകൾ. ചെറിയ പങ്കകൾക്ക് ചുറ്റും വലയം സൃഷ്ടിച്ച് മറ്റു പങ്കകളുമായി കൂട്ടി മുട്ടി ഉണ്ടാവുന്ന അപകട ഒഴിവാക്കാം. എന്നാൽ വലിയ പങ്കകൾക്ക് ചുറ്റും ഇതുപോലെ വലയം സൃഷ്ടിച്ചു മറ ഉണ്ടാക്കുക എന്നത് പ്രായോഗീകം അല്ല.

രാജു : ഇപ്പോഴത്തെ വലിയ ഹെലിക്കോപ്റ്ററിന് പകരം അതിൽ ഡ്രോൺ പോലെ 4 പങ്കകൾ വച്ചാൽ എന്താ കുഴപ്പം മാഷേ ?

മാഷ് : ഹെലിക്കോപ്റ്ററിൽ 4 ചെറിയ പങ്കകൾ വെക്കുന്നതിനേക്കാൾ എനർജി എഫിഷ്യന്‍റ് ആണ് വലിയ 1 പങ്ക വെക്കുന്നത്. അതുപോലെ 4 പങ്കകൾ തമ്മിലുള്ള കോർഡിനേഷൻ ഒന്ന് പാളിയാൽ അതിന്‍റെ തുലനം നഷ്ടമാവും. ഡ്രോണുകളിൽ ഇലക്ട്രിസിറ്റി മോട്ടോറുകളാണ് ഉപയോഗിക്കുക. അതുകൊണ്ട് കൂടുതൽ സമയം പ്രവർത്തിപ്പിക്കാനോ അധിക പവർ ഉപയോഗിക്കാനോ ഡ്രോണുകൾക്ക് ഇപ്പോൾ കഴിയില്ല. എന്നാൽ ഹെലികോപറ്ററുകളിൽ ഇന്ധനം ഉപയോഗിച്ചുള്ള ടർബൈൻ എഞ്ചിനുകളാണ് ഉപയോഗിക്കുക. നാല് പങ്കകൾക്കും വ്യത്യസ്ത വേഗത പലപ്പോഴും ആവശ്യമുള്ളതുകൊണ്ട് 4 ടർബൈൻ എൻജിനുകൾ വേണ്ടിവരും. നാല് ടർബൈൻ എൻജിൻ ഉപയോഗിച്ചുള്ള ഡ്രോൺ പോലെയുള്ള കോപ്ടർ ഉണ്ടാക്കുക എന്നത് ബുദ്ധിമുട്ടാണ്.
                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment