ബഹിരാകാശനിലയത്തിൽ നിന്ന് സ്‌പേസ് സ്യൂട്ട് ഇട്ട് ഭൂമിയിലേക്ക് ചാടുവാന്‍ പറ്റുമോ ?

ബഹിരാകാശനിലയത്തിൽ നിന്ന് സ്‌പേസ് സ്യൂട്ട് ഇട്ട് ഭൂമിയിലേക്ക് ചാടിയാൽ സുരക്ഷിതമായി ഭൂമിയിൽ എത്തുമോ ?

ഇല്ല. ഒരിക്കലും എത്തില്ല. എത്തില്ല എന്നല്ല, ജീവനോടെ എത്തില്ല എന്ന്. ബഹിരാകാശനിലയം സെക്കന്‍റില്‍ 7.66 കിലോമീറ്റർ വേഗതയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എളുപ്പം പ്രവേശിക്കാൻ സാധിക്കില്ല. ഇനി വേഗത കുറഞ്ഞ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാൻ ദിവസങ്ങൾ എടുത്തേക്കും. സ്‌പേസ് സൂട്ട് ആണെങ്കിൽ ഏതാനും മണിക്കൂറുകൾ മാത്രമേ കാര്യക്ഷമമായി ഉപയോഗിക്കുവാൻ സാധിക്കൂ.



ഇനി അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചാലോ, അപ്പോഴും ചുരുങ്ങിയത് സെക്കന്‍റില്‍ 7 കിലോമീറ്റർ വേഗത എങ്കിലും ഉണ്ടാവും. ആ വേഗതയിൽ വായുവിന്‍റെ ഘർഷണം മൂലം ഒരാൾക്ക് 5000 ഡിഗ്രി സെൽഷ്യസിനും മുകളിൽ ചൂട് ആവും. അത് സ്‌പേസ് സൂട്ടിന് താങ്ങാവുന്നതിലും പല മടങ്ങ് വലുതാണ്. സ്‌പേസ് സൂട്ട് ഉണ്ടാക്കിയിരിക്കുന്നത് ഏതാണ്ട് -250 മുതൽ + 250 ഡിഗ്രി സെൽഷ്യസ് താങ്ങുവാൻ പാകത്തിനാണ്. റെഡ്ബുള്ളിന്‍റെ പരസ്യത്തിന് വേണ്ടി ഫെലിക്സ് എന്നൊരാൾ 39 കിലോമീറ്റർ മുകളിൽനിന്ന് ചാടുകയുണ്ടായി. പക്ഷെ അത് വലിയ ബലൂണിൽ മുകളിലേക്ക് പോയിട്ടാണ് ചാടിയത്. അതുകൊണ്ടുതന്നെ ഭൂമിയുമായുള്ള ആപേക്ഷിക വേഗത പൂജ്യം (0) ആയിരുന്നു. എന്നാൽ സ്‌പേസ് സ്റ്റേഷനിൽ നിന്നൊരാൾ ചാടിയാൽ അയാളുടെ വേഗത മണിക്കൂറിൽ 25000 കിലോമീറ്റർ ആയിരിക്കും. അതാണ് റെഡ്ബുൾ ചാട്ടവും സ്‌പേസ് സ്റ്റേഷൻ ചാട്ടവും തമ്മിലുള്ള പ്രധാന വിത്യാസം.

സ്‌പേസ് സ്റ്റേഷനിൽനിന്ന് ചാടിയാൽ ആദ്യമേ അയാൾക്ക് 25,000 കിലോമീറ്റർ വേഗത ഉണ്ടായിരിക്കും എന്ന് പറഞ്ഞുവല്ലോ. വായുവുമായി കൂട്ടിയുരസി ഈ വേഗത പെട്ടെന്ന് കുറയുന്നു. അതുണ്ടാക്കുന്ന ഡിസ്സില്ലറഷൻ ( വേഗത കുറഞ്ഞു വരുന്നത് ) അയാളെ വലിച്ചു കീറാൻ മാത്രം ശക്തമായിരിക്കും. കണക്ക് പ്രകാരം 8g വരെ ഉണ്ടാവും ഡിസ്സില്ലറഷൻ ( g = 9.8 /m /s /s ). അത് ( 8g )ഒരാൾക്ക് ഏതാനും സെക്കന്‍റ് പോലും താങ്ങുവാൻ സാധിക്കില്ല. എന്നാൽ സ്‌പേസ് ക്യാപ്‌സൂളിൽ ഈ ആഘാതം കുറയ്ക്കാൻ അതിനകത്തുള്ള പ്രത്യേക സജ്ജീകരണങ്ങൾക്ക് കഴിയുന്നു. 

സ്‌പേസ് സ്റ്റേഷനിൽ നിന്ന് ഒരാൾ സ്‌പേസ് സ്യൂട്ട് ഇട്ട് ചാടിയാൽ അയാൾ കത്തിപ്പോകും.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment