മരണശേഷം നമ്മുടെ ശരീരത്തിന് എന്ത് സംഭവിക്കുന്നു ?

മരണശേഷം നമ്മുടെ ശരീരത്തിന് അല്ലെങ്കിൽ ശരീരത്തിലെ ആറ്റങ്ങൾക്ക് എന്ത് സംഭവിക്കുന്നു ?

നമുക്കറിയാം നമ്മുടെ ജീവിതം എന്നത് താൽക്കാലികമായ ഒരു സംഭവം ആണ്. പക്ഷെ നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക ആറ്റങ്ങളും എന്നെന്നേക്കുമായി ജീവിക്കുന്നു എന്നതാണ് സത്യം. ശവശരീരം സാധാരണ കുഴിച്ചിടുകയോ കത്തിച്ച് കളയുകയോ ആണ് പതിവ്. കത്തിച്ചു കളയുന്ന ശരീരം ഓക്സിജനുമായി ചേർന്ന് കാർബൺ ഡയോക്സൈഡും വെള്ളവും നൈട്രജനും സൾഫർ ഡയോക്സൈഡും ഒക്കെ ഉണ്ടാവുന്നു.കുഴിച്ചിടുകയാണെങ്കിൽ ശരീരത്തിലെ മൃദുവായ ഭാഗങ്ങളൊക്കെ ബാക്ടീരിയയും മറ്റു ചെറു ജീവികളും തിന്നു തീർക്കുന്നു. അങ്ങനെ അവ ബാക്ടീരിയയുടെയോ ചെറു പ്രാണികളുടെയോ ശരീരം ആയി മാറുന്നു. കുറയൊക്കെ കാർബൺ ഡയോക്സൈഡ് ആയി മാറുന്നു. കട്ടി കൂടിയ ശരീര ഭാഗങ്ങളായ എല്ലും പല്ലും ഒക്കെ സാവകാശമേ നശിക്കൂ. അവയിലെ കാൽസ്യവും ഫോസ്ഫറസും ചെടികൾക്കുള്ള ആഹാരമായി മാറുന്നു. ചെടികൾ മൃഗങ്ങളുടെ ആഹാരമായി മാറുന്നു. അവ മരിക്കുമ്പോൾ വീണ്ടും ജൈവ മണ്ഡലത്തിലെ ആഹാരശൃംഗല ഇങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കും. ചെടിയുടെ ഭാഗങ്ങളായ അരിയും ഗോതമ്പും മറ്റു ധാന്യങ്ങളും പച്ചക്കറികളും ഒക്കെ നമ്മൾ കഴിക്കുന്നു.

എന്നാൽ നമ്മുടെ ശരീരത്തിലുള്ള റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ ജൈവ മണ്ഡലത്തിലേക്ക് കടക്കുന്നതിന് മുൻപായി ജീർണിച്ച് അപചയം സംഭവിച്ചു പോകുന്നു. റേഡിയോ ആക്റ്റീവ് പൊട്ടാസ്യം കാൽസ്യം ആയി മാറുന്നു. ശരീരത്തിലെ തോറിയവും യുറേനിയവും ലെഡ് (ഈയം) ആയി മാറുന്നു. ചില ഭാഗങ്ങൾ അവസാനം ഹീലിയം ആയി മാറുന്നു. ഭൂമിയുടെ ഗുരുത്വാകർഷണത്തിന് ഹീലിയത്തെ അധികം പിടിച്ചു വയ്ക്കാനുള്ള കഴിവില്ലാത്തതിനാൽ അവ ശൂന്യാകാശത്തിലേക്ക് കുറശ്ശേ നഷ്ടപ്പെട്ടു പോകുവാനും ഇടയാവുന്നു. അവ അധികവും സൂര്യനിലും ചിലത് വ്യാഴത്തിലും ബാക്കി ഉള്ളത് നമ്മുടെ സൗരയൂഥത്തിൽ നിന്നുപോലും രക്ഷപ്പെട്ടു പോവുന്നു.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ശരീരം എന്നത് ചുറ്റുപാടുകളിൽ നിന്നും പല വിധത്തിലുള്ള ഊർജം സ്വരുക്കൂട്ടി നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുവാനുള്ള താൽക്കാലികമായ ഉപകരണം മാത്രം ആണ് ( എന്നു കരുതി മനസ് ഉണ്ട് എന്നല്ല പറഞ്ഞത് ). ഈ ഊർജം നശിക്കുന്നില്ല. ജീവികളായും തിരിച്ച് മൂലകങ്ങൾ ആയും വീണ്ടും ജീവജാലങ്ങൾ ആയും മാറിക്കൊണ്ടേ ഇരിക്കുന്നു...

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment