ബഹിരാകാശ സഞ്ചാരികളുടെ ഭക്ഷണം എന്താണ് ?

ബഹിരാകാശ  സഞ്ചാരികളുടെ ഭക്ഷണം എന്താണ് മാഷേ ? വിറ്റാമിൻ ടാബ്‌ലറ്റുകൾ ആണോ അവർ കഴിക്കുക ?

മാഷ് : ബഹിരാകാശത്ത് സാധങ്ങൾ എത്തിക്കുവാൻ വളരെയധികം പണച്ചിലവാണെന്ന്‍ നമുക്കറിയാം. അതുകൊണ്ടാണ് ആദ്യകാലങ്ങളിൽ വളരെ ഭാരം കുറഞ്ഞതും കൂടുതൽ ഊർജം കിട്ടുന്നതുമായ ആഹാര സാധനങ്ങൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് നമ്മൾ കഴിക്കുന്നതുപോലുള്ള സാധാരണ ആഹാരസാധങ്ങൾ  സ്‌പേസിൽ കൊണ്ടുപോകുന്നുണ്ട്. 


പ്രധാനമായും 2 തരത്തിലുള്ള ആഹാരസാധങ്ങളാണ് ഉപയോഗിക്കുന്നത്.

ബിവറേജസ്  - ചായയും കോഫിയും ചെറുനാരങ്ങാനീരും ഓറഞ്ചുനീരും പോലുള്ള പാനീയങ്ങൾ.  വായു കടക്കാത്ത രീതിയിൽ അടച്ചു വച്ചത്.

പഴവർഗങ്ങൾ പച്ചക്കറികൾ പാചകം ചെയ്ത് കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്ന ആഹാരവും മിക്സ് ചെയ്‌ത്‌ കഴിക്കാൻ പറ്റുന്ന ആഹാര സാധങ്ങളും.

ഇന്ന് അധികവും ആളുകൾ ബഹിരാകാശത്ത് താമസിക്കുന്നത്  ബഹിരാകാശ നിലയത്തിലാണ്. 3 മാസം, 6  മാസം, 1 വർഷം എന്നിങ്ങനെ നീണ്ട കാലയളവിൽ അവർ അവിടെ താമസിക്കുന്നു. അതിനാൽ ഭാരം കുറഞ്ഞതും എന്നാൽ സമീകൃതവും കേടാകാത്തതുമായ  ആഹാരസാധങ്ങളായിരിക്കും അതിനായി തിരഞ്ഞെടുക്കുക എന്ന് മാത്രം. അതിൽ നേരിട്ട് കഴിക്കാവുന്നതും മിക്സ് ചെയ്‌തു കഴിക്കാവുന്നതുമായ ആഹാരസാധങ്ങൾ ഉണ്ടാവും. ഓരോരുത്തർക്കും ആവശ്യാനുസരണം അവ മിക്സ് ചെയ്തു കഴിക്കാം. അന്താരഷ്ട്ര ബഹിരാകാശനിലയത്തിൽ ഓരോ രാജ്യക്കാർക്കും പ്രത്യേകം ക്യാബിനുകളും പരീക്ഷണ ഉപകാരണങ്ങളും ആഹാരസാധങ്ങളും ഉണ്ട്. വളരെയേറെ അന്തരമുണ്ടാവും  പല രാജ്യക്കാരുടെയും ഭക്ഷണങ്ങൾ തമ്മിൽ. എന്തിന് ഇപ്പോൾ ഓരോരുത്തർക്കും പ്രത്യേകം തിരഞ്ഞെടുത്ത ആഹാരസാധങ്ങൾ വരെ ആയി.

ആദ്യകാലങ്ങളിൽ മനുഷ്യ മൂത്രം ശുദ്ധീകരിച്ച് വീണ്ടും വെള്ളം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന്  ഇതിനുള്ള സൗകര്യങ്ങൾ  ഉണ്ടെങ്കിലും അങ്ങനെ ചെയ്യാറില്ല. പകരം 1,2 മാസം കൂടുമ്പോൾ ഭക്ഷണവും മറ്റു സാമഗ്രികളുമായി ഇവിടെനിന്നു മറ്റൊരു പേടകത്തിൽ  അങ്ങെത്തിക്കുകയാണ് ചെയ്യാറ്.

ഓരോ നേരത്തേക്കുള്ള ആഹാരം ഒരു കിറ്റ് ആയിട്ടും ഇപ്പോൾ ലഭ്യമാണ്. ബ്രഡ്, ചീസ്, മാംസാഹാരം  മുതൽ  അച്ചാർ, പപ്പടം, കത്തി, ഫോർക്ക്  വരെ ഉണ്ട്. പക്ഷെ അതൊക്കെ അവിടെ പറന്നുനടക്കാതിരിക്കാൻ കത്തിക്ക് താഴെ കാന്തവും, മറ്റു ചിലവ സ്പ്രിങ് വച്ചും, വെൽക്രോ വച്ചും ഒക്കെ ആണ് സർവിങ് പ്ളേറ്റിൽ ചേർത്തു വച്ചിരിക്കുന്നത്.

ഇപ്പോൾ മനുഷ്യർ ചൊവ്വയിൽ പോകുവാനുള്ള തയ്യാറെടുപ്പ് നടത്തുന്നുണ്ട്. ആ സാഹചര്യത്തിൽ ഇടയ്ക്കിടെ ആഹാരസാധങ്ങൾ എത്തിക്കുവാൻ സാധിക്കില്ല. അതിനാൽ ബഹിരാകാശ വാഹനത്തിൽത്തന്നെ ചെടികൾ വളർത്തി ആഹാരം ഉൽപ്പാദിപ്പിക്കുവാനുള്ള പരീക്ഷണങ്ങളും നടന്നുവരുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഇവിടെ കഴിക്കുന്ന മിക്ക ആഹാരവും പാത്രങ്ങളും ബഹിരാകാശത്തും ഉപയോഗിക്കും. പക്ഷെ.. ചായ കുടിക്കുവാൻ ഗ്ലാസ് മാത്രം അവിടെ ആവശ്യമില്ല.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment