വാൽനക്ഷത്രത്തിലേക്ക് ഒരു യാത്ര ( ഭാഗം - 1)

നമുക്ക് ഒരു യാത്ര പോകാം. കുറച്ചു ദൂരെ... ചൊവ്വയിലേക്ക്.

നമ്മൾ ഇപ്പോൾ ഭൂമിയിൽനിന്നും വിട്ടു. പേടകത്തിൽ ആണ്. ചൊവ്വയിൽ എത്താൻ ഇനി 7 മാസം എടുക്കും. ഭൂമിയിൽ നിന്നും ചൊവ്വയുടെ ദിശയിലേക്ക് പേടകം പോവുകയാണ്. ചൊവ്വ 7 മാസം കഴിഞ്ഞ് എത്തുന്ന ദിശയിലേക്ക്. ഇപ്പോൾ ചൊവ്വ കുറേ പിന്നിലാണ്. ഭൂമിയിൽ നിന്നും പുറത്തു കടക്കാൻ പേടകം കുറച്ചു ദിവസം മുന്നേ വേഗത കൂട്ടിയതാണ്. 


ഇപ്പോൾ നമ്മൾ സൂര്യന്‍റെ ആകര്‍ഷണ വലയത്തിൽ ആണ്. ഭൂമി നമ്മളെ വിട്ടു മുന്നോട്ട് പൊയ്ക്കഴിഞ്ഞു. ഇപ്പോൾ നമ്മൾ ഒരേ വേഗതയിൽ ചൊവ്വയെ ലക്ഷ്യമാക്കി പോയിക്കൊണ്ടിരിക്കുകയാണ്.

ഈ പേടകത്തിൽ നമ്മൾ പറന്നു നടക്കുകയാണ്. ഭാരമില്ല. എഞ്ചിന്‍ ഓഫ് ആണ്. ഇവിടെ വായു ഇല്ലാത്തതിനാൽ എഞ്ചിന്‍ ഓൺ ആക്കാതെ അങ്ങനെ ഇതേ വേഗതയിൽ പോയിക്കൊണ്ടിരിക്കും. ന്യൂട്ടന്റെ ഒന്നാം ചലന നിയമം പഠിച്ചിട്ടില്ലേ...

ISRO അറിയാതെ നമുക്ക് ഒരു പരീക്ഷണം നടത്തിയാലോ...? റോക്കറ്റ് എഞ്ചിന്‍ ഒന്ന് കത്തിച്ചാലോ.. ഇന്ധനം ഒക്കെ ധാരാളം സ്റ്റോക്ക് ഉണ്ട്. നമ്മൾ എഞ്ചിന്‍ ഓൺ ആക്കി. അതിന്‍റെ ത്രോട്ടിൽ അഡ്ജസ്റ്റ് ചെയ്തു ആക്സിലറേഷൻ സെക്കന്‍റില്‍ 9.8 മീറ്റർ ആക്കി. ഈ ആക്സിലറേഷൻ എന്നുവച്ചാ എന്നതാ.. വേഗത കൂട്ടുക. അത്ര തന്നെ. ബസ്സും മറ്റും വേഗത കൂട്ടുമ്പോൾ അതിൽ ഉള്ള നമ്മൾ പിന്നോട്ട് പോകും. അതേ പോലെ റോക്കറ്റ് വേഗത കൂട്ടുമ്പോൾ അവിടെയും നമ്മൾ പിന്നോട്ട് പോവും. ഒരേ വേഗതയിൽ എത്ര സ്പീഡിൽ പോയാലും നമ്മൾ പിന്നോട്ട് പോവില്ല, പ്ലെയിൻ ഒരേ വേഗതയിൽ പോകുമ്പോൾ നമ്മൾ പിന്നോട്ട് പോവുമോ ? ഇല്ല. എന്നാൽ വേഗത കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും ആക്സിലറേഷൻ ഉണ്ടാവും. വേഗത കുറച്ചാൽ മുന്നോട്ട് പോവും.

ഹും.. നമ്മൾ റോക്കറ്റിന്‍റെ വേഗത സെക്കന്‍റില്‍ 9.8 മീറ്റർ എന്ന നിരക്കിൽ കൂട്ടുകയാണ്. അങ്ങനെ 9.8 മീറ്റർ ... 19.6 മീറ്റർ ... 29.4 മീറ്റർ ... 39.2 മീറ്റർ ... എന്ന രീതിയിൽ വേഗത കൂട്ടുന്നു. അപ്പോൾ നമ്മൾ പിന്നിലെ ഭിത്തിയിൽ പോയി വീഴും. വേഗത കൂടിക്കൊണ്ടിരിക്കുമ്പോൾ നമ്മൾ ഒരേ ബലത്തിൽ ആ ഭിത്തിയിൽ ചേർന്നിരിക്കും. ഭാരം ഇല്ലാതിരുന്ന നമുക്ക് ഭാരം ആയി. നമ്മൾ ആ ഭിത്തിയിൽ കാൽ വച്ചാൽ ഭൂമിയിലെ പോലെ നമുക്ക് ആ ഭിത്തിയിൽ ചവിട്ടി നിൽക്കാം. ആ റോക്കറ്റ് സെക്കന്‍റില്‍ 9.8 മീറ്റർ എന്ന തോതിൽ വേഗത കൂട്ടിക്കൊണ്ടിരിക്കുന്ന സമയം അത്രയും നമുക്ക് ആ ഭിത്തിയിൽ ഭൂമിയിൽ നമ്മൾ നിൽക്കുന്ന അതേപോലെതന്നെ നിൽക്കാം, നടക്കാം ഒക്കെ ഭൂമിയിലെപ്പോലെതന്നെ ചെയ്യാം. ഭാരം നോക്കിയാൽ കൃത്യമായി ഭൂമിയിലെ അതേ ഭാരം കാണിക്കുകയും ചെയ്യും.
( ചിത്രം നോക്കുക ) 75 കിലോ ഉള്ള എനിക്ക് 75 കിലോ ഭാരം തന്നെ കാണിക്കും. കാരണം എന്താ.. ഇവിടെ പേടകത്തിന്‍റെ ആക്സിലറേഷൻ ഭൂമിയുടെ ഗ്രാവിറ്റി ആയ 9.8m/s /s ആണ്. നമ്മുടെ പേടകം ഭൂമിയിൽ ഇറങ്ങി എന്നാണ് നമുക്ക് തോന്നുക. പേടകത്തിന്‍റെ ജനലിലൂടെ പുറത്തേക്കു നോക്കിയാല്‍ മാത്രമേ അത് ഭൂമിയിൽ അല്ല എന്ന് നാം അറിയുകയുള്ളൂ. അല്ലാതെ ഒരു പരീക്ഷണം വഴിയും നമുക്ക് ഭൂമിയിലാണോ, അതോ ആക്സിലറേഷൻ ആണൊ എന്ന് തിരിച്ചറിയാൻ സാധിക്കില്ല. ഇതാണ് ഐൻസ്റ്റീന്‍റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്‍റെ ഒരു പ്രധാന തുറുപ്പു ചീട്ട്. Equivalence principle എന്ന് പറയും. 

മാനവരാശിയിലെ ഏറ്റവും ബുദ്ധിമാനായ scientist ആയ ഐൻസ്റ്റീന്‍റെ മഹത്തായ കണ്ടെത്തലായ ആപേക്ഷികതാ സിദ്ധാന്തത്തിലെ ഏറ്റവും പ്രധാനമായ തത്വത്തിൽ ഒന്നാണിത്.

Equivalence principle : " ഒരു അടഞ്ഞ മുറിയിലുള്ള നിരീക്ഷകന് അതിനുള്ളിലെ വസ്തുക്കളുടെ ( ഉദാ:താഴേക്ക് പതിക്കുന്ന പന്ത് ) പാത നിരീക്ഷിക്കുന്നതിലൂടെ മുറി ഒരു ഗുരുത്വാകർഷണ മണ്ഡലത്തിൽ സ്ഥിരാവസ്ഥയിൽ നിലകൊള്ളുകയാണോ അതോ free space ൽ ഗുരുത്വാകർഷണ ത്വരണത്തിന് തുല്യമായ ത്വരണമുള്ള ഒരു റോക്കറ്റിലാണോ എന്ന്‍ നിർണയിക്കാൻ സാധ്യമല്ല. 

                                                                                   ഭാഗം - 2 ന് ഇവിടെ ക്ലിക്ക് ചെയ്യുക

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment