തണ്ണിമത്തനിൽ 200 കുരുവും ആപ്പിളിൽ 10 ഉം മാങ്ങയിൽ 1 ഉം ഉള്ളത് എന്തു കൊണ്ട് ?

എന്തു കൊണ്ടാണ്  തണ്ണിമത്തനിൽ 200  കുരുവും ആപ്പിളിൽ 10  കുരുവും മാങ്ങയിൽ 1  കുരുവും ഉള്ളത് ?



മൃഗങ്ങൾ പഴവർഗങ്ങൾ  കഴിക്കുന്നു. ദഹിക്കാത്ത കുരു അവയുടെ വിസർജ്യത്തിലൂടെ പുറത്തു പോകുന്നു. അത് അവിടെക്കിടന്നു മുളച്ചു പുതിയ തലമുറ  ചെടി ഉണ്ടാവുന്നു. പക്ഷെ എല്ലാ കുരുവും മരം ആവുന്നില്ല. ചില കുരു കടിക്കുമ്പോൾ പൊട്ടിപ്പോവുന്നു, ചില കുരുക്കൾ വീഴുന്നത് അവയ്ക്കു വളരാൻ പറ്റിയ സാഹചര്യത്തിലും ആവില്ല. അങ്ങനെ വരുമ്പോൾ വളരെ കുറച്ചെണ്ണം മാത്രമേ വളർന്നു ചെടി ആവുന്നുള്ളൂ. അതെല്ലാം കണക്കാക്കിയാണ് പഴത്തിനുള്ളിൽ കൂടുതൽ കുരു കരുതിയിരിക്കുന്നത്. കുറേ എണ്ണം നഷ്ടപ്പെട്ടാലും മറ്റു ചിലത് വളരുവാൻ പറ്റിയ സാഹചര്യത്തിൽ ഉണ്ടാവും. 


പക്ഷെ... ആരാണ് അതൊക്കെ കൃത്യമായി കണക്കുകൂട്ടി കുരുക്കളുടെ എണ്ണമൊക്കെ തീരുമാനിക്കുന്നത് ??

ആരും അല്ല.

കൂടുതൽ കുരുക്കൾ ഉണ്ടെങ്കിൽ കൂടുതൽ പുതു ചെടികൾ ഉണ്ടാവും. പക്ഷെ കൂടുതൽ കുരു ഉണ്ടാകുവാൻ കൂടുതൽ ഊർജം ചെടിക്കു വേണം. 

ഒരുപക്ഷെ തണ്ണിമത്തൻ ആദ്യം 100  കുരു വീതം ഉള്ളതും 400  കുരു വീതം ഉള്ളതും ഒക്കെ  ഉണ്ടായിരുന്നിരിക്കാം. പക്ഷെ 100 കുരുക്കൾ  ഉള്ളത് 'പുതു തലമുറ ചെടിയുടെ എണ്ണം' കുറഞ്ഞത് കാരണം വംശനാശം വന്നു പോയിട്ടുണ്ടാവാം. 400  കുരു ഉണ്ടായിരുന്ന തണ്ണിമത്തൻ അവയ്ക്കു ഊർജം ( ആഹാരം ) അധികം ലഭിക്കാത്തതുമൂലം വംശനാശം വന്നു പോയിട്ടുണ്ടാവാം. 200 കുരു ഉള്ളത് നിലനിന്നു.

അപ്പോൾ സ്വാഭാവികമായും ചോദ്യം വരാം, ആപ്പിളിനും മാങ്ങയ്ക്കും അധികം കുരു ഇല്ലല്ലോ എന്ന്.

ശരിയാണ്. ആപ്പിളിന് 10 ഉം മാങ്ങയ്ക്ക്‌ 1 കുരുവും വീതമേ ഉള്ളൂ. പക്ഷെ ഒരു കാര്യം എന്താണെന്ന് വച്ചാൽ... ഒരു ആപ്പിൾ മരത്തിൽ 60 ആപ്പിളും ഒരു മാവിൽ 600 മാങ്ങയും ഒരു തണ്ണിമത്തൻ ചെടിയിൽ ഏതാണ്ട്  3 തണ്ണിമത്തനും ആണ് ഉള്ളത്.

അപ്പോൾ ഒരു ചെടിയിലെ കുരുവിന്‍റെ എണ്ണം നോക്കിയാൽ...

200 കുരു x 3 തണ്ണിമത്തൻ = ഒരു ചെടിയിൽ  600 കുരു.

600 കുരു x 1 മാങ്ങ  = ഒരു ചെടിയിൽ  600 കുരു.

10 കുരു x 60 ആപ്പിൾ = ഒരു ചെടിയിൽ  600 കുരു.

അങ്ങനെ നോക്കിയാൽ  എല്ലാ ചെടിയിലും  ഏതാണ്ട്  600  കുരുക്കൾ വീതം ഉണ്ട് !

അപ്പോൾ പറഞ്ഞുവരുന്നത് എന്താണെന്ന് വച്ചാൽ... അതിജീവനവുമായി ബന്ധപ്പെട്ടു പ്രകൃതിക്ക് ഒരു ബാലൻസിംഗ്  ഉണ്ട്. അത് കൂടിയാൽ അവ പെറ്റു പെരുകും. കുറഞ്ഞാൽ വംശനാശം സംഭവിക്കും.


( ചെടിയിലെ കുരുക്കളുടെ എണ്ണം പറഞ്ഞത് ഒരു ഏകദേശ കണക്കുകൂട്ടലിനു വേണ്ടി മാത്രം ആണ്. അതുപോലെ ചെടിയുടെ ആയുസ്സുമായും അവയുടെ ആവാസവ്യവസ്ഥയുമായും  ബന്ധപ്പെടുത്തി മറ്റു ചില കണക്കുകളും  ഉണ്ട്.)

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment