എന്തുകൊണ്ടാണ് നമ്മുടെ സീലിംഗ് ഫാന് 3 ന് പകരം 4 ഉം 5 ഉം പങ്കകൾ ഇല്ലാത്തത് ?

ചിലർ വിചാരിക്കുന്നത് ഫാനിന്‍റെ പങ്കയുടെ എണ്ണം കൂട്ടിയാൽ കൂടുതൽ കാറ്റ് കിട്ടും എന്നാവും. എന്നാൽ സംഗതി അങ്ങനെ അല്ല. കൂടുതൽ പങ്കകൾ ഉണ്ടെങ്കിൽ കൂടുതൽ വായുവിനെ താഴേക്കു തള്ളിവിടും. എന്നാൽ ഫാനിന്‍റെ ഭാരം കൂടും. അതിനാൽ സ്പീഡ് കുറയും. 3 പങ്കകൾ മാത്രം ആവുമ്പോൾ ഭാരം കുറയും. അതിനാൽ കൂടിയ സ്പീഡിൽ കൂടിയ വേഗത്തിൽ കാറ്റു കിട്ടും. വേഗതയേറിയ കാറ്റിൽ കൂടുതൽ വിയർപ്പ് ബാഷ്പീകരണം കാരണം കൂടുതൽ തണുപ്പും നമുക്ക് അനുഭവപ്പെടും.



എന്നാൽ കാനഡ, ഇഗ്ലണ്ട്  തുടങ്ങിയ തണുപ്പുള്ള രാജ്യങ്ങളിൽ  4  ഉം 5 ഉം പങ്കകൾ ഉള്ള ഫാനുകളാണ് അധികവും ഉപയോഗിക്കുന്നത്. അവിടെ കാറ്റു കൊള്ളുന്നതിന് വേണ്ടിയല്ല ഫാൻ ഉപയോഗിക്കുന്നത്. പകരം എയർ കണ്ടീഷനറിന്‍റെ തണുത്ത വായു മുറിയിൽ എല്ലായിടത്തും എത്തിക്കുന്നതിനായാണ് ചൂടുകാലങ്ങളിൽ ഫാൻ ഉപയോഗിക്കുന്നത്. തണുപ്പ് കാലങ്ങളിൽ ഫാൻ തിരിച്ചു കറക്കും. അപ്പോൾ മുറിയുടെ താഴെ വച്ചിരിക്കുന്ന ഹീറ്ററിൽ നിന്നും പുറത്തു വരുന്ന ചൂട് വായു മുകളിലേക്ക് മെല്ലെ വലിച്ചെടുക്കുവാനും അതേ ഫാൻ കൊണ്ട് സാധിക്കുന്നു. അവിടെ  വേഗതയേറിയ  കാറ്റിന് പ്രസക്തി ഇല്ല. ചൂടുകാലത്ത് കാറ്റ് മുകളിൽ നിന്നും താഴേക്ക് തള്ളിവിടുവാനും തണുപ്പ് കാലത്ത് ചൂട് വായു മുകളിലേക്ക് വലിച്ചെടുക്കുവാനും മാത്രമാണ് ഫാൻ ഉപയോഗിക്കുന്നത്. അല്ലാതെ കാറ്റ് കൊള്ളുവാൻ അല്ല.

ചുരുക്കിപ്പറഞ്ഞാൽ കുറഞ്ഞ വെദ്യുതി ചിലവിൽ കൂടുതൽ വേഗത്തിൽ കാറ്റ് കിട്ടുവാനാണ് നമ്മുടെ നാട്ടിലെ 3 പങ്കകൾ ഉള്ള  ഫാൻ. വേഗത കുറഞ്ഞതും പക്ഷെ കൂടുതൽ വായു സഞ്ചാരം കിട്ടുവാനും വേണ്ടിയാണ്  4  ഉം 5 ഉം പങ്കകൾ ഉള്ള ഫാൻ.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment