ക്യാൻസർ ബാധിച്ച ആളിന്‍റെ അവയവങ്ങൾ നമുക്ക് സ്വീകരിക്കാമോ ?

ക്യാൻസർ ബാധിച്ച് മരിക്കും എന്ന് ഉറപ്പുള്ളവർ  അവരുടെ അവയവങ്ങൾ  ദാനം ചെയ്ത് മറ്റുള്ളവരെ സഹായിക്കുവാൻ താല്‍പര്യം കാണിക്കും. നല്ലത്. പക്ഷെ അത് പറ്റുമോ എന്നത്  അവരുടെ ഏതൊക്കെ ഭാഗത്തെ ക്യാൻസർ ബാധിച്ചു എന്നതിനെയും ആരോഗ്യ സ്ഥിതിയെയും അനുസരിച്ചിരിക്കും. 

ക്യാൻസർ ബാധിച്ച  ആളുടെ അവയവം  സ്വീകരിക്കുന്ന ആൾക്ക് ക്യാൻസർ ബാധിക്കുവാനുള്ള ചാൻസ് വളരെ കുറവാണ്. എന്നാലും സ്വീകരിച്ച ആൾക്ക്  ക്യാൻസർ ബാധിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ക്യാൻസറിന്‍റെ തരവും അത് എത്രമാത്രം പടർന്നു അതുപോലെ ആരോഗ്യസ്ഥിതിയും അനുസരിച്ചാണ് തീരുമാനിക്കുക. ക്യാൻസർ എവിടെനിന്നും തുടങ്ങിയോ അവിടെ നിന്നും പടർന്നു മറ്റു ഭാഗങ്ങളിൽ എത്തിയിട്ടുണ്ടെങ്കിൽ അവയവദാനം നടത്തുവാൻ പാടില്ല എന്നാണ് 2014 ലെ അവയവദാന കമ്മറ്റിയുടെ നിയമാവലി പറയുന്നത്. അതുപോലെ ലുക്കീമിയ, ലിംഫോമ  പോലുള്ള ഏതെങ്കിലും തരത്തിലുള്ള ബ്ലഡ് ക്യാൻസർ ഉള്ളവർ, തലച്ചോറിലെ ലിംഫോമ, ഉള്ളവർക്കും ദാനം പാടില്ല.

ക്യാൻസർ ആദ്യ സ്റ്റേജിലേ കണ്ടുപിടിക്കുകയും കഴിഞ്ഞ 5 വർഷമായി ക്യാൻസറിന്‍റെ ലക്ഷണം ഒന്നുമില്ലെങ്കിൽ അയാളില്‍ നിന്ന്‍ ഏത് അവയവവും സ്വീകരിക്കാം. അയാളുടെ ആരോഗ്യസ്ഥിതി മാത്രം ശ്രദ്ധിച്ചാൽ മതി.

ബ്ലഡ് ക്യാൻസർ ഉള്ള രക്തം മറ്റൊരാൾ സ്വീകരിച്ചാൽ സ്വാഭാവികമായും ആ സെല്ലുകൾ 3-4 മാസം കൊണ്ട് നശിച്ചു പോവും. വാങ്ങിയ ആൾക്ക് ബ്ലഡ് ക്യാൻസർ വരില്ല. സാധാരണ രീതിയിലുള്ള ഒരാളുടെ ശരീരത്തിന്  ക്യാൻസർ  ബാധിച്ച സെല്ലുകളെ  സ്വയം കൊല്ലുവാനുള്ള കഴിവ് ഉണ്ടായിരിക്കും. എന്നാൽ അവയവം  സ്വീകരിച്ച ആൾക്ക് പുതുതായി അവർ സ്വീകരിച്ച  അവയവം പുറംതള്ളാതിരിക്കാനായി കൊടുക്കുന്ന മരുന്ന് കാരണം ക്യാൻസർ സെല്ലുകളെ സ്വയം കൊല്ലുവാനുള്ള കഴിവ് കുറഞ്ഞിരിക്കും. അതുകൊണ്ടുതന്നെ ക്യാൻസർ സെല്ലുകൾ നശിക്കുവാനുള്ള ചാൻസ് കുറവായിരിക്കും.

United Network for Organ Sharing (UNOS) ന്‍റെ പഠനപ്രകാരം ചില തരം ക്യാൻസർ ഉള്ള ആളുകൾ അവയവദാനം ചെയ്‌താൽ  അവയവം സ്വീകരിക്കുന്ന ആൾക്ക് ക്യാൻസർ വരുവാനുള്ള സാധ്യത ഉണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് ക്യാൻസര്‍ ബാധിച്ച ആളുടെ ഒരു അവയവങ്ങളും ദാനം ചെയ്യുവാൻ നിർദേശിക്കുന്നില്ല. എന്നാൽ തലച്ചോറിൽ ക്യാൻസർ ബാധ ഉണ്ടായാൽ അത് മറ്റു ഭാഗങ്ങളിലേക്ക് ഒരു വിധത്തിലും പടരാത്തത് കാരണം അവർക്ക് മറ്റൊരാൾക്ക്  ദാനം ചെയ്യുന്നതിൽ കുഴപ്പമില്ല എന്നും പറയുന്നു.

അവയവം ദാനം ചെയ്യുവാൻ പറ്റുമോ ഇല്ലയോ എന്ന് അതിന്‍റെ വിദഗ്ധർ വിലയിരുത്തിയതിനു ശേഷം മാത്രമേ ചെയ്യാവൂ. ക്യാൻസർ ബാധിച്ച ചില ആളുകളുടെ മോശം ആരോഗ്യസ്ഥിതി കാരണം മാത്രം അവർ അവയവദാനത്തിന് യോഗ്യത നേടാറില്ല. അത് മിക്കവാറും അവരുടെ കരളിന്‍റെ അസുഖം മൂലമോ വൃക്കയുടെ അസുഖം മൂലമോ ആവാം. പക്ഷെ അവരുടെ മരണ ശേഷം ചില അവയവങ്ങളും ടിഷ്യുകളും എടുക്കുന്നതിൽ കുഴപ്പമില്ല.

അസുഖം കാരണം നിങ്ങൾക്ക്  നിങ്ങളുടെ ശരീര ഭാഗങ്ങളോ ടിഷ്യുവോ ദാനം ചെയ്യാൻ പറ്റിയില്ലെങ്കിലും നിങ്ങൾക്ക് കണ്ണുകൾ ദാനം ചെയ്യാം. ' കണ്ണിലെ ക്യാൻസറോ ', ചിലതരം ' ബ്ലഡ് ക്യാൻസറോ ' ഒഴികെ മറ്റേതുതരം ക്യാൻസർ ഉള്ള ആൾക്കും കണ്ണുകൾ ദാനം ചെയ്യാം.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment