കാഴ്ചശക്തി ഇല്ലാത്തവർ സ്വപനം കാണുമോ ?

സ്വപനത്തിന് കാഴ്ചയുമായി നേരിട്ട് ഒരു ബന്ധവും ഇല്ല. സ്വപ്നം കാണാൻ കണ്ണിന്‍റെ ആവശ്യവും ഇല്ല. സ്വപ്നം നമ്മുടെ മനസിന്‍റെ സൃഷ്ടി മാത്രം. ജന്മനാ കാഴ്ച ഇല്ലാത്തവരും സ്വപനം കാണും.

പക്ഷെ അതു നമ്മൾ കാണുന്നതുപോലെ വസ്തുക്കളെയും നിറങ്ങളെയും കാണുന്ന രീതിയിൽ ആയിരിക്കില്ല എന്നു മാത്രം. ജന്മനാ കണ്ണു കാണാത്തവർ ലോകത്തെ അറിയുന്നത് ശബ്ദത്തിലൂടെയും സപർശനത്തിലൂടെയും ഗന്ധത്തിലൂടെയും ആണ്. അങ്ങനെ അവർക്കു ചുറ്റും ഒരു ലോകം അവരുടെ മനസ്സിൽ രൂപപ്പെട്ടിട്ടുണ്ടാവും. അവരുടെ ദിനചര്യയിൽ അനുഭവങ്ങൾ അവർ സ്വപ്നത്തിൽ കാണും. കൂടെ അവരുടെ ഭാവനയും ഉണ്ടാവും എന്നു മാത്രം.



ജന്മനാ കാഴ്ച ഉണ്ടായിരുന്ന, പിന്നീട് കാഴ്‌ച നഷ്ടപ്പെട്ട ഒരാളുടെ അനുഭവം ഒരു വീഡിയോയിൽ കണ്ടു.

" ആദ്യമൊക്കെ ഞാൻ കണ്ട വസ്തുക്കൾ അതേപോലെയൊക്കെ സ്വപനത്തിൽ കാണുമായിരുന്നു. പിന്നീട് ഞാൻ അവയൊന്നും കാണാതായി. ഞാൻ ഒരു ഷോപ്പിംഗ് മാളിൽ പോയി അവിടെ ഉള്ള ആരോടോ ദിശ കാണിക്കുന്ന സൈൻ ബോർഡിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നു പറയാൻ പറഞ്ഞു. ഞാൻ ഞെട്ടി എഴുന്നേറ്റപ്പോൾ അതു സ്വപ്നം ആയിരുന്നു എന്നു മനസിലായി "

അമ്മയുടെ വയറ്റിൽ കിടക്കുന്ന കണ്ണു തുറക്കാത്ത കുഞ്ഞുങ്ങൾ വരെ സ്വപ്നം കാണും. കണ്ടിട്ടില്ലേ ജനിച്ചു പൂർണമായി കണ്ണു തുറക്കുന്നതിനു മുൻപ് പോലും അവർ സ്വപ്നം കണ്ടു ചിരിക്കുന്നത് ? അമ്മയുടെ വയറ്റിൽ കിടക്കുമ്പോൾ ഉള്ള ചൂടും ശരീരത്തിന്‍റെ ചലനവും നടപ്പിന്‍റെ താളവും ശരീരത്തിലൂടെ വരുന്ന മുഴക്കമുള്ള ശബ്ദവും ഒക്കെ കുഞ്ഞിന് പരിചിതമായിട്ടുണ്ടാവും. അതുകൊണ്ടാണ് പിറന്ന ഉടനെ ആ സുഖസൗകര്യങ്ങൾ പൊടുന്നനെ നഷ്ടപ്പെട്ടതിന്‍റെയും, പുതിയ അന്തരീക്ഷത്തിൽ വന്നതിന്‍റെയും ഭയത്തിൽ കുഞ്ഞു കരയുന്നത്. അമ്മയോട് ചേർത്തു കിടത്തി അമ്മയുടെ ശബ്ദം കേട്ടാൽ കുഞ്ഞിന് പേടി മാറും.

അപ്പോൾ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ, അന്ധന്മാരും കണ്ണു തുറക്കാത്ത കുഞ്ഞുങ്ങളും വരെ സ്വപ്നം കാണും . ആലോചന ഉള്ള മനസ്സിൽ മാത്രമേ സ്വപ്നങ്ങൾ ജനിക്കൂ. സ്വപ്നം കാണാൻ കണ്ണിന്‍റെ ആവശ്യം ഇല്ല.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment