ആത്മാവ് ഉണ്ടോ ?

ആത്മാവ് ഉണ്ടോ എന്ന്‍ ഒരു രീതിയിലും ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ ഉള്ള വഴികളൊന്നും ഇപ്പോൾ ഇല്ല. എന്നാൽ ചില വസ്തുതകൾ കണക്കിലെടുത്താൽ നമുക്ക് ചില നിഗമനങ്ങളിൽ എത്താം.

നമുക്ക് കൈകാലുകളോ കണ്ണോ ചെവിയോ ഹൃദയമോ ഒന്നും ഇല്ലാതെ ജീവിക്കാം. നമ്മുടെ തലച്ചോർ മാത്രം പ്രവർത്തിച്ചാൽ മതി. ബോധം എന്നുള്ളത് തലച്ചോറിനെ മാത്രം ആശ്രയിച്ചാണ് ഉള്ളത്. തലച്ചോർ മരിച്ചാൽ ( മസ്തിഷ്ക്ക മരണം ) പിന്നെയും നമുക്ക് / നമ്മുടെ ശരീരത്തിന് ജീവിക്കാം. അപ്പോഴും ഹൃദയവും ശ്വാസകോശവും ഒക്കെ പ്രവർത്തിക്കും.

ഇനി ഹൃദയവും ശ്വാസകോശവും പ്രവർത്തനം നിലച്ചാലും ഇലക്ട്രിക് ഉപകരണങ്ങൾ വഴി ആവശ്യത്തിന് വേണ്ട ഇലക്ട്രിക് പൾസ് കൊടുത്തു നമുക്ക് അവയെ പ്രവർത്തിപ്പിക്കാം. പക്ഷെ മസ്തിഷ്ക്ക മരണം സംഭവിച്ചാൽ പിന്നെ ആൾ മരിച്ചതായി ശാസ്ത്രം വിധി എഴുതും. കാരണം, പുറം  ലോകവുമായുള്ള ബന്ധം അതോടെ അവസാനിക്കും. എന്നാൽ മറ്റു ശരീര ഭാഗങ്ങൾ കുറച്ചു മണിക്കൂറുകളോ ദിവസങ്ങളോ ഒക്കെ പ്രവർത്തിക്കാം. മസ്തിഷ്ക്ക മരണം സംഭവിച്ച ആളുകളുടെ ഹൃദയം കിഡ്നി കണ്ണ്‍ തുടങ്ങിയ ശരീര ഭാഗങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യാൻ പറ്റിയ ഒരു സമയം ആണിത്.

മസ്‌തിഷ്‌ക്ക മരണം സംഭവിച്ചു കഴിഞ്ഞ മനുഷ്യന്‍റെ ജീനുകള്‍ മരണത്തിന് ശേഷമുള്ള നാലു ദിവസങ്ങള്‍ കൂടി ജീവിച്ചിരിക്കുമെന്നു സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്യാൻസർ കോശങ്ങളെ തടയുവാൻ ഉള്ള ജീനുകള്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ആക്ടീവാകും. ഈ അവസ്ഥ അവയവങ്ങള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള രോഗിയുടെ ക്യാൻസർ സാധ്യത കുറയ്ക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 

നമ്മുടെ ശരീര ഭാഗങ്ങൾ ചലിപ്പിക്കുവാൻ തലച്ചോറിന്‍റെതിന് സമാനമായ ഇലക്ട്രിക്ക് പൾസുകൾ കൊണ്ട് സാധിക്കും. ഹൃദയത്തിന് പകരം ഇലക്ട്രിക് മോട്ടോർ  പമ്പു ഉപയോഗിച്ച്  ജീവിക്കുന്ന ആളുകൾ ഇപ്പോൾ ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ തലച്ചോർ ആണ് നാം. കയ്യും കാലും ഹൃദയവും ഒക്കെ  തലച്ചോറിന്‍റെ സപ്പോർട്ടിങ് അവയവങ്ങൾ ആണ്. അതു ഇല്ലെങ്കിലും നാം ഉണ്ടാവും. തലച്ചോർ മാത്രം പ്രവർത്തിച്ചാൽ നാം ആയി. തലച്ചോറിന്‍റെ അകത്തു നടക്കുന്ന ഓർമയും പ്രവർത്തങ്ങളും ഒക്കെ ന്യൂറോ കണക്ഷനുകളും രാസപ്രവർത്തനം വഴി ഉള്ള  ഇലക്ട്രിക്ക് പൾസുകളും  മുഖേനെ ആണെന്ന് മനസിലാക്കിയിട്ടുണ്ട്. ചെറിയ രീതിയിലുള്ള പരീക്ഷണങ്ങൾ വഴി കൃത്രിമമായി ആ പൾസുകൾ ഉണ്ടാക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. 

ചുരുക്കി പറഞ്ഞാൽ നമ്മുടെ ഓർമ, ബോധം എന്നൊക്കെ പറയുന്നത് തലച്ചോറിലെ രാസപ്രവർത്തനം ആണ്. ആത്‌മാവ്‌ എന്ന കാര്യം ശാസ്ത്രീയമായ കാര്യങ്ങളിലോ ആശുപത്രിയിലോ ഒന്നുംവരുന്നേ ഇല്ല. ആത്മാവ് കഥകളിലും മതങ്ങളിലും മാത്രം.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment